ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ് തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം പരിഹരിക്കാൻ ഇരട്ടപ്പാതയ്ക്കായി സ്ഥലമേറ്റെടുക്കാനുള്ള നടപടി തുടങ്ങി. 3.40 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ സർവേ പൂർത്തിയായി. ഷൊർണൂർ നഗരസഭയുൾപ്പെടെ 43 പേരിൽ നിന്നായി 49 സർവേ നമ്പറുകളിലുള്ള സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഭാരതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമാണം നടക്കുന്നുണ്ട്. ഷൊർണൂർ-ഒന്ന് വില്ലേജിലുൾപ്പെട്ട പാലത്തിന്റെ പരിസരം മുതൽ ഷൊർണൂർ സ്റ്റേഷൻ വരെയുള്ള ഭാഗത്തെ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഷൊർണൂരിൽ യാർഡ് റീമോഡലിങ്ങും നടക്കുന്നുണ്ട്. ഇതിനുംകൂടി വേണ്ടിയാണ് സ്ഥലമേറ്റെടുക്കൽ.
ഷൊർണൂർ യാർഡിൽനിന്നും തൃശ്ശൂർ, പാലക്കാട് ഭാഗങ്ങളിലേക്ക് ഒരു കിലോമീറ്റർ വീതം ഒറ്റപ്പാതയാണ്. പ്രതിദിനം 90 തീവണ്ടികളാണ് ഷൊർണൂരിലൂടെ കടന്നുപോകുന്നത്. പാലക്കാട് ഭാഗത്തുനിന്ന് ഒരു തീവണ്ടി വരുമ്പോൾ എതിർദിശയിൽ മറ്റൊരു തീവണ്ടിയുണ്ടെങ്കിൽ പിടിച്ചിടേണ്ടിവരും. മാന്നനൂരിലോ ഭാരതപ്പുഴ സ്റ്റേഷൻ പരിസരത്തോ ആണ് പിടിച്ചിടുക. തൃശ്ശൂർ ഭാഗത്തുനിന്നാണെങ്കിൽ വള്ളത്തോൾ നഗർ സ്റ്റേഷനിൽ പിടിച്ചിടും. പുതിയ പാലം വരുന്നതോടെ തൃശ്ശൂരിൽനിന്ന് ഷൊർണൂർ സ്റ്റേഷനിലെത്താനുള്ള പിടിച്ചിടൽ പ്രശ്‌നത്തിന് പരിഹാരമാകും. തീവണ്ടികളുടെ വേഗം വർധിപ്പിക്കാനും ഇരട്ടപ്പാത ഗുണം ചെയ്യും.































