തിരുവനന്തപുരം : കനത്ത മഴയും ഉരുൾപൊട്ടലുമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് 22 ഓട്ടോമാറ്റിക് മഴമാപിനികൾ പ്രവർത്തിച്ചു തുടങ്ങി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിയന്ത്രണത്തിൽ നിലവിൽ 80 മഴമാപിനികളാണ് സംസ്ഥാനത്തുള്ളത്. ഇവയിൽ 15 എണ്ണം പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ 22 മഴമാപിനികൾ സ്ഥാപിച്ചത്. ഇവയെല്ലാം ഓട്ടോമാറ്റിക് ആയതിനാൽ പെയ്യുന്ന മഴയുടെ കണക്ക് ഓരോ മണിക്കൂർ ഇടവിട്ട് വിലയിരുത്തി വേണ്ട നടപടി എടുക്കാൻ കഴിയും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രവും ചേർന്ന് ഈ വർഷം ആദ്യം മുതൽ സ്ഥാപിച്ചു തുടങ്ങിയ മാപിനികൾ ഓഗസ്റ്റിൽ വീണ്ടും പ്രളയമുണ്ടാകുന്നതിനു മുൻപേ പ്രവർത്തിപ്പിക്കണമെന്നതായിരുന്നു സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ലക്ഷ്യം.
ഓരോ ജില്ലയിലും സ്ഥാപിച്ച മഴമാപിനികളുടെ എണ്ണം, സ്ഥാനം എന്ന ക്രമത്തിൽ: തിരുവനന്തപുരം –3 (നെയ്യാറ്റിൻകര, തിരുവനന്തപുരം, വെള്ളായണി), കൊല്ലം–1 (വലിയപാടം) പത്തനംതിട്ട–1 (സീതത്തോട്), ആലപ്പുഴ –1 (കഞ്ഞിക്കുഴി), കോട്ടയം–2 ( കുമരകം, പൂഞ്ഞാർ), ഇടുക്കി–3 ( മൂന്നാർ, പീരുമേട്, തൊടുപുഴ), എറണാകുളം–1 (വടക്കൻപറവൂർ), തൃശൂർ–3 (പൊരിങ്ങൽക്കുത്ത്, വെള്ളാനിക്കര, ചാലക്കുടി), മലപ്പുറം–1 (വാക്കാട്), പാലക്കാട്–2 (അടക്കാപ്പുത്തൂർ, മങ്കര), കോഴിക്കോട്–1 (കക്കയം), വയനാട്–1 (പടിഞ്ഞാറത്തറ ഡാം), കണ്ണൂർ–1 (ഇരിക്കൂർ), കാസർകോട1 ( വെള്ളരിക്കുണ്ട്).
സംസ്ഥാനത്തെ കാലാവസ്ഥാ വിവരങ്ങളും മറ്റു ജാഗ്രതാ നിർദേശങ്ങളും അറിയാൻ ജിഒകെ ഡയറക്ട് എന്ന പേരിൽ പുതിയ മൊബൈൽ ആപ്പും പ്രവർത്തന സജ്ജമായി. തപാൽ പിൻകോഡ് അടിച്ചാൽ അതാതു സ്ഥലത്തെ കാലാവസ്ഥ ഉൾപ്പെടെ എല്ലാ വിവരങ്ങളും അറിയാൻ കഴിയും. കോവിഡ് സ്ഥിതിയും ഇതിലൂടെ വിശദീകരിക്കുന്നുണ്ട്.