റാന്നി : മഴ പെയ്താൽ മാമുക്കിലെ ഇടറോഡ് വെള്ളകെട്ടാല്‍ നിറയുന്നതു കാരണം വലഞ്ഞ് നാട്ടുകാരും സമീപവാസികളും. സംസ്ഥാന പാതയുടെ നിർമ്മാണത്തെ തുടര്‍ന്ന് റാന്നി മാമുക്ക് ജംഗഷനു സമീപം ഭഗവതികുന്ന് ക്ഷേത്രത്തിലേക്കുള്ള പഞ്ചായത്ത് റോഡിലെ മഴയിൽ ഉണ്ടാകുന്ന വെള്ളകെട്ടാണ് നാട്ടുകാര്‍ക്ക് വിനയാകുന്നത്. നിർദ്ധിഷ്ട സ്ഥലത്തെ കലുങ്ക് കരാർ കമ്പനി ഒഴിവാക്കിയതു കാരണം വ്യാപാര സ്ഥാപനങ്ങളിലും സമീപത്തെ വീടിൻ്റെ മുൻവശത്തും വെള്ളകെട്ട് ഉണ്ടാകുന്നതായി പരാതി.
ഇത് സംബന്ധിച്ച് നിരവധി പരാതികൾ ജനപ്രതിനിധികൾക്കും പൊതു മരാമത്ത് വകുപ്പ് മന്ത്രിക്കു നല്കിയിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നു പറയുന്നു. സംസ്ഥാന പാത മുന്‍പുണ്ടായിരുന്നതിനേക്കാൾ വളരെ ഉയർത്തി പണിതപ്പോൾ ക്ഷേത്രത്തിലേക്കുള്ള റോഡ് വളരെ താഴ്ന്നു കിടക്കുകയാണ്. റെഡിമെയ്ഡ് കോൺക്രീറ്റു ഓടയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
മാമുക്ക് ജംഗ്ഷനു പിൻഭാഗത്തായി ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം ക്ഷേത്രത്തിലേക്കുള്ള റോഡുവഴി എത്തി ഇവിടെ കെട്ടിനിൽക്കുകയും വ്യാപാര സ്ഥാപനങ്ങളിലും സമീപ വീടിനകത്തേക്ക് കയറുകയുമാണ് പതിവ്. നിരന്തരം വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ കരാർ കമ്പനിയുടെ ആളുകൾ വന്നു ഓടയുടെ ഒരു വശം കുറച്ചു പൊട്ടിച്ചു വിട്ടു പരിഹാരം ഉണ്ടാക്കുമെങ്കിലും കലുങ്കില്ലാത്തതു കാരണം ഓടവഴി ഒഴുകിയെത്തുന്ന വെള്ളം വീണ്ടും ബ്ലോക്ക് ആകുന്നതല്ലാതെ പരിഹാരമാകുന്നില്ല. ഇവിടെ അടിയന്തിരമായി കലുങ്ക് നിർമ്മിച്ചാലെ പരിഹാരമുണ്ടാകു എന്നാണ് പ്രദേശവാസികൾ പറയുന്നത്.