അയിരൂര്‍ : അപ്രതീക്ഷിതമായുണ്ടായ മഴക്കെടുതിയില്‍ റാന്നി അയിരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലില്‍ അറിയിച്ചു. പഞ്ചായത്തിലെ ഏഴുമുതല്‍ 15 വരെ വാര്‍ഡുകളിലായി 260 ഓളം വീടുകളില്‍ വെള്ളം കയറി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ 800 ലധികം വരുന്ന ജനങ്ങളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്. അതോടൊപ്പം നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും കനത്ത നാശ നഷ്ടമുണ്ടായി. ഇടപ്പാവൂർ, പുതിയകാവ് ക്ഷേത്രങ്ങൾക്കും വെള്ളപ്പൊക്കം വലിയ നാശമാണ് വരുത്തിയത്. ഇടപ്പാവൂരിലെ റേഷൻ കടയിൽ വെള്ളം കയറി, റവ, അരി അടക്കമുള്ള ഭക്ഷ്യസാധനങ്ങൾ ഉപയോഗശൂന്യമായി.
വ്യാപാരികൾക്കുണ്ടായ നഷ്ടം ലക്ഷക്കണക്കിന് രൂപയുടേതാണ്. മരങ്ങൾ വീണും നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അയിരൂർ കാഞ്ഞിറ്റുകര കുടിവെള്ള വിതരണ പദ്ധതിയിലും വ്യാപകമായ നഷ്ടം സംഭവിച്ചു. ഇതുമൂലം അയിരൂർ പഞ്ചായത്തിലെ കുടിവെള്ള വിതരണം മുഴുവൻ തടസ്സപ്പെട്ടിരിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പലയിടങ്ങളിലും അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 300ൽ അധികം കിണറുകളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ട്.
വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്ക് സാരമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കാർഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും ഉണ്ടായ നഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ച് വരുന്നതേയുള്ളു. വീട്, കിണർ എന്നിവ വൃത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജനപ്രതിനിധികളുടേയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ നടത്തി വരുന്നു. മതാപ്പാറ ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചു വരുന്നു. വെള്ളപ്പൊക്കം ബാധിച്ച മുഴുവൻ വീടുകളിലും കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്ന പ്രവർത്തനം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ പറഞ്ഞു.





























