യാംബു : വിശ്വാസികളുടെ വസന്തകാലമായ പരിശുദ്ധ റമദാന് കോവിഡ് ഭീതിക്കു ശേഷം എത്തിയപ്പോള്‍ വര്‍ധിച്ച ആവേശത്തോടെയാണ് വിശ്വാസികള്‍ നെഞ്ചേറ്റിയത്. കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവന്നതിനാല് റമദാന് ദിനരാത്രങ്ങള്‍ പ്രാര്ഥനകള്കൊണ്ട് നിറക്കുകയാണ് വിശ്വാസികള്‍. എല്ലാ ചര്യകളും ആരാധനാനുഷ്ഠാനങ്ങളും പൂര്‍ണതയോടെ പാലിക്കാനും ദൈവപ്രീതി കരഗതമാക്കാനുമുള്ള പ്രതിജ്ഞയിലാണ് വിശ്വാസികള്‍. രണ്ടു വര്‍ഷം മുമ്പ് കോവിഡ് പ്രതിസന്ധിയില്‍ ലോക്ക്ഡൗണിനു കീഴില്‍ റമദാന് ആചരിക്കാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതമായിരുന്നു. മക്കയിലും മദീനയിലും സന്ദര്‍ശിക്കുന്നതിനും സമൂഹ നോമ്പുതുറ നടത്തുന്നതിനുമൊക്കെ വലിയ നിയന്ത്രണമുണ്ടായിരുന്നു.
എന്നാല്‍, ഈ വര്‍ഷത്തെ റമദാന് വന്നപ്പോള്‍ സാമൂഹിക അകലം പാലിക്കല്‍, യാത്രാനിയന്ത്രണം എന്നിവ ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ ഇളവ് വരുത്തിയതാണ് വിശ്വാസികള്‍ക്ക് ഏറെ സന്തോഷമുളവാക്കിയത്. 2019ന് ശേഷം പതിവുപോലുള്ള റമദാന് ആചരിക്കാനുള്ള സ്വാതന്ത്യം നല്കിയിരിക്കുകയാണിപ്പോള്. 2019 ജൂണ്‍ മൂന്നിന് മക്കയിലും മദീനയിലുമുള്ള ഇരു ഹറം പള്ളികളില്‍ തറാവീഹ് (രാത്രി നമസ്കാരം) നമസ്കരിക്കാന്‍ ഒത്തുകൂടിയ വിശ്വാസികള്‍ അടുത്ത രണ്ടു വര്‍ഷവും പ്രതിസന്ധിയുടെ വര്‍ഷങ്ങളാണെന്ന് ഓര്‍ത്തിരുന്നില്ല. 2020 മാര്‍ച്ച് 11 ലോകാരോഗ്യ സംഘടന കോവിഡ് മഹാമാരിക്കാലം ആഗോള പ്രതിസന്ധിയായി പ്രഖ്യാപിച്ചു. ലോകരാഷ്ട്രങ്ങള്‍ യാത്രക്കും സാമൂഹിക ഇടപെടലിനും കര്‍ശന നിയന്ത്രണം വരുത്തി. ഇതേവര്‍ഷം മാര്‍ച്ച് രണ്ടിനാണ് സൗദിയില്‍ ആദ്യ മായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്.
പിന്നീട് സൗദിയിലും മറ്റു പല രാജ്യങ്ങളിലേതുപോലെ മഹാമാരി അതിവേഗം വ്യാപിക്കാന്‍ തുടങ്ങി. 2020 മാര്‍ച്ച് ആറിന് മക്കയിലെ കഅ്ബയുടെ ചുറ്റുമുള്ള ശൂന്യമായ പ്രദേശത്തിന്റെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത് വിശ്വാസികള്‍ക്ക് ഏറെ വ്യാകുലത ഉണ്ടാക്കിയിരുന്നു. സാധാരണ കഅ്ബയുടെ ചുറ്റും വെള്ളവസ്ത്രം ധരിച്ച ആരാധകര്‍ അണമുറിയാതെ വലയംചെയ്യുന്ന അവസ്ഥയാണുണ്ടാകുക. കോവിഡ് മഹാമാരിക്കാലത്ത് കുറച്ച് സുരക്ഷ ഗാര്‍ഡുകള്‍ ഒഴിച്ച് പൂര്‍ണമായും വിജനമായ കഅ്ബയുടെ പ്രദക്ഷിണ സ്ഥലം കാണേണ്ടി വന്ന അവസ്ഥ വിശ്വാസികള്‍ക്ക് ഇന്നും തപ്ത സ്മരണയായി നിലനില്ക്കുന്നു.
കോവിഡിനെയും മറികടന്ന് എത്തിയ നോമ്പുകാലത്തെ പരമാവധി പ്രയോജനപ്പെടുത്തിയാണ് സൗദിയിലുള്ള സ്വദേശികളും വിദേശികളുമായ വിശ്വാസികള്‍ മുന്നേറുന്നത്. റമദാനില്‍ ഉംറ ചെയ്യാന്‍ പലരും ഇതിനകം ബുക്ക് ചെയ്തു. മദീനയിലെ മസ്ജിദുന്നബവി സന്ദര്‍ശിക്കാനും പ്രാര്‍ഥനയില്‍ പങ്ക് കൊള്ളാനും വിശ്വാസികള്‍ അവരുടെ റമദാന് നാളുകളിലെ ദിനങ്ങള്‍ ആസൂത്രണം ചെയ്തുവരുന്നു. വ്രതകാലത്തിന്റെ നിര്‍വൃതി പരമാവധി പ്രയോജനപ്പെടുത്തിയാണ് വിശ്വാസികളെങ്ങും മുന്നേറുന്നത്.































