കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയ്ക്കടത്ത് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയവര്‍ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പോലീസിന്റെ സംശയം. വര്‍ഷങ്ങള്‍ക്കു മുമ്പ് സാമ്പത്തിക ഇടപാടുകളുടെ പേരില്‍ കണിച്ചുകുളങ്ങര അപകടം മനപൂര്‍വ്വം ഉണ്ടാക്കിയതാണെന്നു തെളിഞ്ഞിരുന്നു. ഈ അപകടവും അങ്ങനെ ഒന്നാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഒന്നിലധികം വാഹനങ്ങളിലാണ് സംഘം സഞ്ചരിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട വാഹനം മാത്രമാണ് രാമനാട്ടുകര ഭാഗത്തേക്ക് പോയതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. അപകടം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളിലെ ആളുകളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാമനാട്ടുകരയില്‍ കാറും സിമന്റ് കയറ്റിയ ലോറിയും കൂട്ടിയിടിച്ച് പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ അഞ്ചു യുവാക്കള്‍ മരിച്ചത്. അതേസമയം തന്റെ ഭാഗത്തല്ല പിഴവെന്നും അമിതവേഗത്തിലായിരുന്ന കാര്‍ വന്നിടിച്ചെന്നുമാണ് ലോറി ഡ്രൈവറുടെ മൊഴി.