തിരുവനന്തപുരം : പ്രവാസികളെ തിരികെ കൊണ്ടു വരാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിന് മുന്നിൽ നിരാഹാര സമരമിരിക്കുന്നു. രാവിലെ ഒൻപത് മണിക്കാണ് നിരാഹാരസമരം ആരംഭിച്ചത്.
ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെല്ലാം രോഗവാഹകരാണെന്നും അവരൊന്നും തിരിച്ചു വരേണ്ടതില്ലെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഇപ്പോൾ സ്വീകരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കെഎംസിസി, ഇൻകാസ്, ഒഐസിസി, ശക്തി, ബഹറൈൻ മലയാളി സമാജം തുടങ്ങി വിവിധ പ്രവാസി സംഘടനകൾ പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ പ്രയത്നിക്കുമ്പോൾ അതിനു തുരങ്കം വയ്ക്കുകയാണ് സർക്കാരെന്നും ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലയുടെ വാക്കുകൾ
ഈ കൊവിഡ് കാലത്തേറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത് ഗൾഫിലെ പ്രവാസികളാണ്. അവർ രോഗവാഹകരാണെന്നും അവരിങ്ങോട്ട് വരേണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട് വിശകലനം ചെയ്താൽ മനസിലാവുക. കേന്ദ്രസർക്കാരായാലും സംസ്ഥാന സർക്കാരായാലും പ്രവാസികൾ നാട്ടിലേക്ക് വരേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത്. വന്ദേഭാരത് വിമാനങ്ങൾ കൃത്യമായി വിപുലമായ രീതിയിൽ സർവ്വീസ് നടത്തിയിരുന്നുവെങ്കിൽ കൂടുതൽ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിയെത്താമായിരുന്നു.
ഇതേ തുടർന്നാണ് പ്രവാസി സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ സജ്ജമാക്കിയത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് മൂലം ഗൾഫിൽ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് നാട്ടിലേക്ക് വരാനുള്ള അവസരം നഷ്ടപ്പെടുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നിരഹാരസമരമിരിക്കുന്ന്.
ലോകകേരള സഭയോ നോർക്കയോ പ്രവാസികൾക്കായി ഒന്നും ചെയ്തിട്ടില്ല. എംബസികൾ പ്രവാസികളെ തിരിഞ്ഞു നോക്കുന്നുമില്ല. മുഖ്യമന്ത്രി പറഞ്ഞ ട്രൂനാറ്റ് ടെസ്റ്റ് സൗദിയടക്കം പല രാജ്യങ്ങളിലുമില്ല. ഈ ട്രൂനാറ്റ് റാപ്പിഡ‍് ടെസ്റ്റിന് കേന്ദ്രസർക്കാർ പോലും ഇതുവരെ അനുമതി നൽകിയിട്ടുമില്ല. കെഎംസിസി അടക്കമുള്ള വിവിധ പ്രവാസി സംഘടനകളാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ എന്തെങ്കിലും ചെയ്തത്.
ടിക്കറ്റിന് പോലും പണമില്ലാതെ ആയിരക്കണക്കിന് ആളുകളാണ് വിവിധ ലേബർ ക്യാമ്പുകളിൽ കുടുങ്ങികിടക്കുന്നത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ പിന്നെ ഒരാളെ പോലും കൊണ്ടു വരാനാവില്ല എന്നാണ് ബഹറൈൻ മലയാളി സമാജം നേതാക്കൾ എന്നോട് പറഞ്ഞത്. ഇൻകാസും ഒഐസിസിയും കെഎംസിസിയോടൊപ്പം കേരളത്തിലേക്ക് വിമാനങ്ങൾ ചാർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഒരുവിമാനത്തിനും ഇവിടേക്ക് വരാനാവാത്ത അവസ്ഥയാണ്. സർക്കാർ പറഞ്ഞ സർട്ടിഫിക്കറ്റ് എവിടെ കിട്ടും. സലാലയിലെ മലയാളികൾ പറയുന്നത് അവർക്ക് നാല് ദിവസം എങ്കിലും യാത്ര ചെയ്താൽ മാത്രമാണ് കൊവിഡ് ടെസ്റ്റ് നടത്താൻ സാധിക്കൂ എന്നാണ്. ഇത്തരം പ്രതിസന്ധികളിൽ നമ്മുക്കെന്തു ചെയ്യാൻ സാധിക്കും.