തിരുവനന്തപുരം : കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും സ്വകാര്യ കമ്പനിയായ ഇഎംസിസിയും ചേര്‍ന്ന് കരാര്‍ ഉണ്ടാക്കിയതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ ചുമതലപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പൂന്തുറയില്‍ നടത്തുന്ന സത്യാഗ്രസമരം ആരംഭിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.കെ.ജോസിന്റെ അന്വേഷണം സ്വീകാര്യമല്ല. അദ്ദേഹമാണ് സെക്രട്ടറി. സെക്രട്ടറിയും മുഖ്യമന്ത്രിയും അറിയാതെ കരാറില്‍ ഒപ്പിടാനാകുമോ. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത്. ചെന്നിത്തല പറഞ്ഞു.
ഇവിടെ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണോ? പിന്നെ എന്തിനാണ് മുഖ്യമന്ത്രി?. മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലെങ്കില്‍ ആ കസേരയില്‍ ഇരിക്കുന്ന അദ്ദേഹത്തിന്റെ റോള്‍ എന്താണെന്നും ചെന്നിത്തല ചോദിച്ചു. താന്‍ വസ്തുതാപരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയില്ലായിരുന്നുവെങ്കില്‍ മന്ത്രിസഭയില്‍ കരാറിന് അംഗീകാരം കൊടുക്കുകയില്ലായിരുന്നോ എന്നും ചെന്നിത്തല ചോദിച്ചു. തീരദേശമേഖലയില്‍ ഉണ്ടായിരിക്കുന്ന ശക്തമായ അമര്‍ഷം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. മന്ത്രിയെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. തന്നെ മനോനില തെറ്റിയവനെന്ന് വിശേഷിപ്പിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നിലവാരത്തിലേക്ക് താഴാന്‍ ഉദ്ദേശിക്കുന്നില്ല. കളളം പിടിക്കപ്പെട്ടപ്പോള്‍ അവര്‍ തോന്നിയത് പറയുന്നു. താന്‍ അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ തയ്യാറല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. രാവിലെ ഒമ്പതുമുതല്‍ നാലുവരെയാണ് സത്യാഗ്രഹം. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു.