തിരുവനന്തപുരം: അദാനിയുമായി ചേര്‍ന്നുള്ള കാറ്റാടിക്കൊള്ളയില്‍ പച്ചക്കള്ളം പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി എം.എം മണിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാറ്റാടി വൈദ്യുതി 25 വര്‍ഷത്തേക്ക് വാങ്ങുന്നതിലൂടെ അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമുണ്ടാക്കിക്കൊടുക്കുന്ന ഇടതു സര്‍ക്കാര്‍ ഇതിനു പുറമെ അദാനിയുമായി വൈദ്യുതി വാങ്ങാന്‍ ഹൃസ്വകാല ഇടപാടുണ്ടാക്കുകയും ചെയ്‌തെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ആഴക്കടല്‍ക്കൊള്ളയുടെ സമാനമായ രീതിയില്‍ ഒരു കള്ളം തന്നെ പലരായി ആവര്‍ത്തിക്കുകയാണ് അദാനിയുമായുള്ള ഇടപാടിലും സര്‍ക്കാര്‍ ചെയ്യുന്നത്. അദാനിയുമായി യാതൊരു കരാറും സംസ്ഥാന സര്‍ക്കാരോ ഇലക്‌ട്രിസിറ്റി ബോര്‍ഡോ ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞത്. എന്നാല്‍, എം.എം മണി പറഞ്ഞത് ശുദ്ധമായ കള്ളമാണെന്ന് തെളിയിക്കാനായി കഴിഞ്ഞ മാസം അദാനിയുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഉണ്ടാക്കിയ മറ്റൊരു കരാറിന്റെ മിനിറ്റ്‌സ് ഞാന്‍ ഇന്നലെ പത്രസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു.
ഇതോടെ നുണ പറയുന്ന ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു. പ്രതിപക്ഷ നേതാവിന് കാര്യമായ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നും കള്ളം പറയാന്‍ പ്രതിപക്ഷ നേതാവിന് ഒരു മടിയുമില്ലെന്നുമൊക്കെയാണ് മുഖ്യമന്ത്രി ഇന്നലെ അതിന് മറുപടി നല്‍കിയത്. അദാനിയുമായി എന്തെങ്കിലും കരാര്‍ കെ.എസ്.ഇ.ബി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ രേഖ പുറത്തുവിടാന്‍ മുഖ്യമന്ത്രി എന്നെ വെല്ലുവിളിക്കുകയും ചെയ്തു. ഞാന്‍ ആ വെല്ലുവിളി ഏറ്റെടുക്കുകയാണ്.
അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ നിന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ യൂണിറ്റിന് 3.04 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി അദാനിക്ക് നല്‍കിയ ലെറ്റര്‍ ഓഫ് അവാര്‍ഡ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നു. ഫെബ്രുവരി 15നാണ് ഈ ലെറ്റര്‍ ഓഫ് അവാര്‍ഡ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് നല്‍കിയത്. അദാനി എന്റര്‍പ്രൈസസിന്റെ അങ്കിത് റബാഡിയ എന്ന ഉദ്യോഗസ്ഥന് കെ.എസ്.ഇ.ബിയുടെ കൊമേഴ്‌സ്യല്‍ ആന്റ് പ്ലാനിംഗ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറാണ് ഈ ലെറ്റര്‍ ഓഫ് അവാര്‍ഡ് ഒപ്പുവച്ചു നല്‍കിയിട്ടുള്ളത്. ചീഫ് എന്‍ജിനീയറുടെ പൂര്‍ണ്ണ അധികാരത്തോടെയാണ് ഈ രേഖയില്‍ ഒപ്പുവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രില്‍ ഒന്നു മുതല്‍ 15 വരെയും ഏപ്രില്‍16 മുതല്‍ 30 വരെയും മെയ് 1 മുതല്‍ 15 വരെയും മെയ് 16 മുതല്‍ 31 വരെയും നാല് ഘട്ടങ്ങളില്‍ അദാനിയില്‍ നിന്നും കറന്റ് വാങ്ങാനാണ് ഈ ഉടമ്പടി. ഇതനുസരിച്ച് അദാനിയുടെ കറന്റ് കൂടിയ വിലയ്ക്ക്, അതായത് യൂണിറ്റിന് 3.04 രൂപ വെച്ച് കെ.എസ്.ഇ.ബി.ക്ക് കിട്ടിത്തുടങ്ങുകയും ചെയ്തിരിക്കുകയാണ്. അദാനിക്ക് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്നതിന് മുമ്ബ് ഈ ഇടപാടിന് അനുമതി തേടിക്കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കെ.എസ്.ഇ.ബി കത്തെഴുതുകയുണ്ടായി. അതിന്മേല്‍ അദാനി ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ കാര്യത്തില്‍ റെഗുലേറ്ററി കമ്മീഷന്‍ മാര്‍ച്ച് 17ന് പബ്ലിക്ക് ഹിയറിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ സംഭവിച്ച ശേഷമാണ് അദാനിയുമായി കെ.എസ്.ഇ.ബിക്ക് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പറയുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് അദാനിയുമായി ഈ ഹൃസ്വകാല ഇടപാടില്‍ കരാര്‍ ഒപ്പു വയ്ക്കാത്തത്. പകരം അതിന് തുല്യമായ ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കി ഉടമ്പടി നടപ്പില്‍ വരുത്തുകയാണ് ചെയ്തിട്ടുള്ളത്.
രേഖകള്‍ സംസാരിക്കുമ്പോഴും കേരള മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണ്. മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് വൈദ്യുതി അധികമാണെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ പറയുന്നത്. അഞ്ചു വര്‍ഷമായി കേരളം വൈദ്യുതിയില്‍ മികച്ച സംസ്ഥാനമാണെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ 3.04 രൂപ എന്ന കൂടിയ വിലയ്ക്ക് എന്തിന് ഇപ്പോള്‍ അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നു? ആരെ സഹായിക്കാനാണ് ഇത്. 25 വര്‍ഷക്കാലം അദാനിയില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള ആദ്യ കരാറും, ഉയര്‍ന്ന വിലയ്ക്ക് ചെറിയ കാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഇപ്പോഴത്തെ ഉടമ്പടിയും അദാനിയുമായുള്ള പിണറായി സര്‍ക്കാരിന്റെ പ്രിയത്തെയാണ് കാണിക്കുന്നത്.
പ്രധാനമന്ത്രിയ്ക്കും പിണറായിക്കും ഇടയിലെ പാലമായിട്ടാണ് അദാനി പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാവുകയാണ്.സ്വര്‍ണ്ണക്കടത്തു കേസും ഡോളര്‍ കടത്തുകേസുമെല്ലാം അട്ടിമറിക്കപ്പെട്ടപ്പോഴേ സി.പി.എം – ബി.ജെ.പി. ഡീലിനെക്കുറിച്ചുള്ള സംശയം ഉടലെടുത്തിരുന്നതാണ്. ഇപ്പോഴത് ബലപ്പെട്ടു. ലാവ്‌ലിന്‍ കേസ് 28 തവണ സി.ബി.ഐ മാറ്റി വെയ്പ്പിച്ചതും ഇതുമായി ചേര്‍ത്ത് വായിക്കണം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ അദാനിയുമായി വ്യാജ യുദ്ധം നടത്തുന്ന സര്‍ക്കാര്‍ അദാനിയുമായി ഒത്തുകളിച്ച് കേരളത്തിലെ ജനങ്ങളെ കൊള്ളടിക്കുകയാണ് രമേശ് ചെന്നിത്തല പറഞ്ഞു.