കോട്ടയം: രണ്ടില ചിഹ്നത്തിനുള്ള അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് വിധിക്കെതിരേ ജോസഫ് വിഭാഗം ഹൈക്കോടതിയിലേക്ക്. വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി. ഇതു സംബന്ധിച്ച ആലോചനകള്‍ പാര്‍ട്ടിയില്‍ തുടരുകയാണ്.
രണ്ടില ചിഹ്നത്തിനുള്ള അവകാശം തങ്ങള്‍ക്കാണെന്ന ജോസഫ് വിഭാഗത്തിന്റെ അവകാശവാദം തള്ളിയാണ് കമ്മീഷന് ജോസ് കെ. മാണി വിഭാഗത്തിന് ചിഹ്നം അനുവദിച്ചത്. കമ്മീഷനു മുന്നിലുള്ള രേഖകള്‍, അതുവരെയുള്ള സ്ഥാനം സംബന്ധിച്ച ചെയര്‍മാന്റെ വെളിപ്പെടുത്തല്‍ എന്നതൊക്കെ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. രണ്ടില ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തര്‍ക്കം തുടരുകയായിരുന്നു. പാലാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടന്നപ്പോള്‍ ജോസ് വിഭാഗം സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ കൈതച്ചക്ക ചിഹ്നത്തിലാണു മത്സരിച്ചത്. എന്നാല്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നം നഷ്ടമായതു ജോസഫ് പക്ഷത്തിനു കനത്ത തിരിച്ചടിയാണ്.