തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ “രണ്ടില’ വേണമെന്ന പി.ജെ.ജോസഫിന്റെ കത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ജൂലൈ ഏഴിന് തീരുമാനമെടുക്കും. എന്നാല്‍ ജോസഫ് വിഭാഗത്തിന് ചിഹ്നം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ചിഹ്നം മരവിപ്പിക്കണമെന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം.
യുഡിഎഫില്‍ നിന്നും ജോസ് വിഭാഗത്തെ പുറത്താക്കിയതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിര്‍ണായകമാകും. പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തെ ചൊല്ലി ജോസ്-ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ വലിയ തര്‍ക്കം രൂപപ്പെട്ടിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടില ചിഹ്നം അനുവദിച്ചില്ലെങ്കില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജോസഫ് വിഭാഗം ആലോചിക്കുന്നത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമുണ്ടായാലും നിയമപോരാട്ടങ്ങള്‍ ഇരുവശത്തും തുടരുമെന്ന് ഉറപ്പാണ്.