റാന്നി: നീണ്ടനാളത്തെ കാത്തിരിപ്പിനു ശേഷം റാന്നി – ചെറുകോൽപ്പുഴ റോഡിൽ മരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തിയത് നാട്ടുകാർക്ക് വിനയായി. റോഡിലെ പൊളിഞ്ഞ ഭാഗം രണ്ട് ഇഞ്ച് ഘനത്തിൽ ടാറിംങ്ങ് വർക്ക് ചെയ്തതാണ് പരാതിക്ക് കാരണമായത്. ഇരുചക്രവാഹന യാത്രക്കാരും ഓട്ടോറിക്ഷ യാത്രക്കാരുമാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.
ചെറുകോൽപ്പുഴ – റാന്നി റോഡ് വീതികൂട്ടി ടാര്‍ ചെയ്യണമെന്ന് നാലു വർഷത്തിലധികമായി നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുകയാണ്. എന്നാല്‍ ജനപ്രതിനിധികള്‍പോലും ഇക്കാര്യം അവഗണിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിയപ്പോള്‍ റോഡ് അറ്റകുറ്റപണികൾക്ക് വേണ്ടി 19 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിലും ഇത്തരത്തിൽ ഇടവിട്ട് പാച്ചുവർക്ക് ചെയ്തതിന്റെ ഫലമായി ചെറുകോൽപ്പുഴ മുതൽ റാന്നി വരെയുള്ള 9 കിലോമീറ്റർ യാത്ര ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണ്.
റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങിയപ്പോൾത്തന്നെ നാട്ടുകാരിൽ പലരും പരാതിയുമായി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഇങ്ങനെമാത്രമേ ചെയ്യുവാന്‍ കഴിയു എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. റാന്നി- ചെറുകോൽപ്പുഴ റോഡ് അറ്റകുറ്റപണികൾ നടത്തുവാൻ മുൻപ് അനുമതി തേടിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പണി നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.