റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലും റാന്നി ബൈപ്പാസിലും മണിക്കൂറുകളോളമാണ് വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നത്. വലിയപറമ്പുപടി മുതൽ പെരുമ്പുഴ ടൗൺ വരെ നീളുന്ന വലിയ വാഹനനിരയാണ് പാതയിലുടനീളം കാണപ്പെടുന്നത്. ഉത്സവത്തിരക്ക് തുടങ്ങിയ ആദ്യ ദിനങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ പോലീസിന്റെ സാന്നിധ്യമില്ലാതിരുന്നത് സ്ഥിതി സങ്കീർണ്ണമാക്കിയിരുന്നു. തുടർന്ന് മാമുക്ക് ജംങ്ഷൻ, ബൈപ്പാസ് ജംങ്ഷൻ, ടൗണിലെ പ്രധാന മേഖലകൾ എന്നിവിടങ്ങളിൽ പോലീസിനെ വിന്യസിച്ച് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഗതാഗത തടസത്തിന് വലിയ ശമനമുണ്ടായിട്ടില്ല.
മണിക്കൂറുകളോളം റോഡിൽ കിടക്കേണ്ടി വരുന്നതിനാൽ ദീർഘദൂര യാത്രക്കാരും കച്ചവടക്കാരുമാണ് ഏറെ വലയുന്നത്. വലിയകാവ് റൂട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ കണ്ടനാട്ടുപടിയിൽ നിന്നും നേരെ പേട്ട മര്‍ത്തോമ്മ ആശുപത്രി ഭാഗത്തേക്ക് തിരിഞ്ഞു പ്രവേശിക്കുന്നതാണ് ടൗണിലെ കുരുക്ക് ഇത്രത്തോളം രൂക്ഷമാകാൻ പ്രധാന കാരണം. ഓണത്തിരക്ക് അവസാനിക്കുന്നതു വരെയെങ്കിലും ഈ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കടന്നുപോകുന്നതിന് മാറ്റങ്ങൾ വരുത്തുകയോ റൂട്ട് തിരിച്ചുവിടുകയോ ചെയ്താൽ ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ആശ്വാസമാകുമെന്നാണ് നാട്ടുകാരും യാത്രക്കാരും ചൂണ്ടിക്കാണിക്കുന്നത്.





























