റാന്നി: ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിലെ ടെര്‍മിനല്‍ ചോര്‍ന്നൊലിക്കുന്നു. മഴ പെയ്താല്‍ ടെര്മിനുള്ളില് നില്ക്കണമെങ്കില് കുട ചൂടേണ്ട സ്ഥിതിയാണ്. ടെര്‍മിനലിന്റെ മുകള്‍ നിലയില്‍ വീഴുന്ന വെള്ളം കെട്ടിക്കിടന്ന് താഴേക്ക് വീഴുകയാണ്. മുകള്‍നിലയിലെ വെള്ളം ഒഴുകി താഴെ തറയിലേക്ക് വരുന്നതിനു നാലു വശങ്ങളിലും പിവിസി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് പൊട്ടിയതുകാരണം വെള്ളം ചിതറി വീഴുന്നതാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നത്.
സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാനും കയറി നില്ക്കാനുമായി വേള്‍ഡ് മലയാളി അസോസിയേഷന് ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പേ പണിതതാണ് ബസ് ടെര്‍മിനല്‍. രണ്ടുനിലകളുള്ള കെട്ടിടത്തില്‍ താഴത്തെനിലയില്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍ക്ക് വിശ്രമിക്കാനുള്ളതും മുകളില്‍ കോണ്‍ഫറന്‍സ് ഹാളും ഓഫീസും എന്നതായിരുന്നു പദ്ധതി.
പിന്നീട് പഞ്ചായത്ത് മുകളിലെത്തെ നിലയിലെ ഹാള്‍ ഹോമിയോ ഡിസ്പെന്‍സറി പ്രവര്‍ത്തിക്കാന്‍ നല്‍കിയിരുന്നു. ആശുപതിക്ക് പുതിയ കെട്ടിടം പണിതതോടെ മുകളിലത്തെ നില വെറുതെ കിടക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് പഞ്ചായത്ത് പത്ത് ലക്ഷത്തിനു മുകളില്‍ രൂപ മുടക്കി നവീകരണം നടത്തിയിരുന്നു. അന്ന് ഈ പൈപ്പിന്റെ അപാകത പരിഹരിച്ചില്ല. നവീകരണത്തിനനുവദിച്ച പണം രണ്ട് വര്‍ഷം കൊണ്ട് പല ഘട്ടങ്ങളായി വിനിയോഗിച്ചതായി പറയുന്നു. അന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന പെയിന്റിംഗ് ജോലികള്‍ ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടില്ല.