റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ മക്കപ്പുഴ വെറ്ററിനറി ഉപകേന്ദ്രത്തിന് താഴ് വീഴുമോ എന്ന ആശങ്കയിൽ കർഷകർ. 1992ൽ പ്രവർത്തനം ആരംഭിച്ചതാണ് വെറ്ററിനറി ഉപകേന്ദ്രം.
സംസ്ഥാനത്തെ പ്രവർത്തനക്ഷമത കുറഞ്ഞ വെറ്ററിനറി ഉപകേന്ദ്രങ്ങൾ പൂട്ടാൻ സർക്കാർ ആലോചിക്കുന്നവയുടെ പട്ടികയിൽ ഈ ഉപകേന്ദ്രവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാൽ, ഉപകേന്ദ്രത്തിൽ ഇതു സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ശരാശരി മാസത്തിൽ 25ൽ കുറയാതെ കർഷകർ ഇവിടെ പശുക്കൾക്ക് കുത്തിവെപ്പ് എടുക്കുന്നുണ്ട്. നിരവധി എക്സ്റ്റൻഷൻ വർക്കുകളും നടക്കുന്നുണ്ട്. രണ്ട് ജീവനക്കാരാണുള്ളത്. പ്ലാച്ചേരി, ചേത്തക്കൽ, ഇടമൺ, ഇടമുറി, മന്ദമരുതി പ്രദേശങ്ങളിലെ കർഷകരുടെ ആശ്രയമാണിത്. കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിയാൽ ഇവർ പ്രതിസന്ധി നേരിടും.