പത്തനംതിട്ട: റാന്നിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെ വീടാക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അങ്ങാടി സ്വദേശി ഫെബിനാണ് അറസ്റ്റിലായത്. റാന്നി ചിറക്കല്‍പടി കുന്നുംപുറത്ത് കെ.എം ജോസഫ് എന്നയാളുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി രണ്ടുമണിയോടെ ആയിരുന്നു ആക്രമണം.
ഹൃദ്രോഗിയായ ജോസഫ് ഇന്‍ഡോറില്‍ ഗ്രേറ്റര്‍ കൈലാസ് ആശുപത്രിയില്‍ പരിശോധനക്ക് പോയി മടങ്ങാന്‍ നേരമാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് അവിടെ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം അവിടുത്തെ മലയാളിസമാജം സ്ഥലം എം.പിയുടെ സഹായത്തോടെ സ്വകാര്യ ബസ്സ് കേരളത്തിലേക്ക് വിട്ടിരുന്നു. ഈ ബസ്സിലാണ് ജോസഫും ഭാര്യ മിനി ജോസഫും മകന്‍ ഏബിള്‍ ജോസഫും നാട്ടിലെത്തിയത്. ഇന്നലെ രാത്രി ഒന്‍പതു മണിയോടെ ചങ്ങനാശ്ശേരിയില്‍ ഇവര്‍ എത്തി. തുടര്‍ന്ന് സഹയാത്രികയായ ഒരു സിസ്റ്ററിന്റെ സഹായത്തോടെ ആംബുലന്‍സില്‍ റാന്നിയിലെ വീട്ടില്‍ 11 മണിയോടെ എത്തി. യാത്രാക്ഷീണം ആയതിനാല്‍ പെട്ടെന്ന് തന്നെ ഉറങ്ങാന്‍ കിടന്നു. രാത്രി രണ്ടുമണിയോടെ വീടിന്റെ ജനലുകള്‍ തകരുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. വലിയ കല്ലുകള്‍ ജനല്‍ചില്ലുകള്‍ തകര്‍ത്ത് മുറിയില്‍ വീണു. ഏറു കൊണ്ട് ജോസഫിന്റെ ഭാര്യ മിനിക്കും പരിക്കേറ്റു. ശബ്ദംകേട്ട് അയല്‍വാസികളില്‍ ചിലര്‍ ഉണര്‍ന്നതോടെയാണ് അക്രമികള്‍ സ്ഥലം വിട്ടത്. രാത്രിതന്നെ പോലീസിനെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നുവെന്ന് ജോസഫ് പറഞ്ഞു.
പത്തനംതിട്ട മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖം കാണാം ..
https://www.facebook.com/mediapta/videos/377404186549845/