റാന്നി: ഈ വർഷത്തെ തിരുവാഭരണ ഘോഷയാത്ര സുഗമമായി നടത്തുവാൻ തിരുവാഭരണപാതയിലെ നിർമ്മാണ പ്രവർത്തികളുടെ ശ്രമധാനം റാന്നി പഞ്ചായത്തും തിരുവാഭരണപാത സംരക്ഷണ സമിതിയും അയ്യപ്പസേവാസംഘവും ചേർന്നു സംയുക്തമായി നടത്തി. മുൻ രാജപ്രതിനിധിയും തിരുവാഭരണപാത സംരക്ഷണ സമതി പ്രസിഡൻ്റുമായ മൂലം തിരുനാൾ രാഘവവർമ്മ രാജ ഉദ്ഘാടനം ചെയ്‌തു. റാന്നി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. പ്രകാശ് കുഴികാല അദ്ധ്യക്ഷത വഹിച്ചു. ഇനി 11 ദിവസം മാത്രമാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് ഉള്ളത്. മറ്റു വകുപ്പുകള്‍ ഇതുവരെയും പാതയുടെ പുനരുദ്ധാരണ പ്രവർത്തികള്‍ ആരംഭിച്ചിട്ടില്ല. റാന്നി പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് റാന്നിയിലാണ് ശ്രമദാനം ആരംഭിച്ചത്. പന്തളം മുതല്‍ പമ്പ വരെ 83 കിലോമീറ്റര്‍ ദൂരമാണ് തിരുവാഭരണപാതക്കുള്ളത്. 43 കിലോമീറ്റർ ദൂരമുള്ള ളാഹ വരെ ജനവാസകേന്ദ്രവും ബാക്കിയുള്ളത് പൂങ്കാവനവുമാണ്.
തിരുവാഭരണപാത വീണ്ടെടുത്ത് ഒഴിപ്പിച്ചുകൊണ്ട് പാത പൂർണ്ണ സജ്ജമാക്കണമെന്ന് മുൻ രാജപ്രതിനിധി ആവശ്യപ്പെട്ടു. യാത്രസമയത്ത് ഭക്തർക്ക് വേണ്ടുന്ന സൗകര്യങ്ങളും ഒരുക്കി നൽകുകയും ഇടത്താവളമായ പുതിയകാവിലും ളാഹയിലും വിരിവെക്കുന്നതിനും പ്രാഥമിക സൗകര്യങ്ങളും ഒരുക്കണം. ഓരോ വർഷവും ഭക്തർ കൂടുന്നത് കാരണം വളരെ ബുദ്ധിമുട്ടുകൾ ഈ ഇടത്താവളങ്ങളിൽ അനുഭവിക്കുകയാണ്. മൂന്നുദിവസങ്ങൾ പന്തളത്തുനിന്നും കാൽനടയായി തിരുവാഭരണ യാത്രയോടൊപ്പം എത്തുന്ന ദേവസ്വം ബോർഡ് പാസ്സ് നൽകുന്ന ഭക്തർക്ക് മകരവിളക്കിന് പ്രത്യേക ദർശന സൗകര്യം ഏർപ്പെടുത്തണമെന്നും രാഘവവർമ്മ ആവശ്യപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറി സുധാകുമാരി, തിരുവാഭരണപാത സംരക്ഷണ സമിതി വർക്കിംഗ് പ്രസി ഡന്റ് വി.കെ. രാജഗോപാൽ, ജനറൽ സെക്രട്ടറി പ്രസാദ് കുഴികാലാ, അയ്യപ്പസേവാസംഘം താലൂക്ക് വൈസ് പ്രസിഡന്റ് പി.ആർ. ബാലൻ, ജനപ്രതിനിധികളായ മന്ദിരം രവീന്ദ്രൻ, സിന്ധു സഞ്ജയൻ, മീനു ഷാജി, രവി കുന്നയ്ക്കാട്, പി.കെ. സുധാകരൻപിള്ള, ശിവദാസ കൈമൾ, മനോജ് കോഴഞ്ചേരി, പി.എസ്. ശശികുമാർ, പ്രസാദ് മൂക്കന്നൂർ, കെ. ആർ. സോമരാജൻ, വിജയൻ കോഴഞ്ചേരി, തുളസിധരൻ നായർ എന്നിവർ പ്രസംഗിച്ചു.