റാന്നി : റാന്നി പഞ്ചായത്ത് സ്വതന്ത്ര അംഗം കെ.ആര്‍. പ്രകാശിന്‍റെ ഡ്രൈവര്‍ക്ക് നേരെ രാത്രിയില്‍ ആക്രമണം. തലക്കും മുഖത്തിനും പരിക്കേറ്റ ഡ്രൈവര്‍ തോമസ് ചാക്കോയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ബ്ലോക്ക് പടിയില്‍ നിന്നും തെക്കേപ്പുറത്തേക്ക് പിക്കപ്പ് വാനുമായി പോയ ചാര്‍ത്താക്കുഴിയില്‍ തോമസ് ചാക്കോയെയാണ് (അജു ) ഗുണ്ടാ സംഘങ്ങള്‍ ആയുധങ്ങളുമായി ആക്രമിച്ചത്.
റാന്നി തെക്കേപ്പുറത്തേ മന്ദിരം – കഞ്ഞിക്കുഴിപടി ബണ്ടുറോഡില്‍ രണ്ട് വാഹനങ്ങള്‍ പിക്കപ്പിന് മുന്നിലും പുറകിലുമായി കുറുക്കിട്ട് തടഞ്ഞു നിര്‍ത്തിയാണ് ആക്രമിച്ചത്. ടിപ്പര്‍ ഡ്രൈവര്‍ ആയ അജു ജോലികഴിഞ്ഞ് വാഹന വാടകയും വാങ്ങി ബ്ലോക്ക് പടിയില്‍ എത്തി ഹോട്ടലിലുള്ള വേസ്റ്റ് വെള്ളവും കയറ്റി ഹോട്ടല്‍ ഉടമയായ പ്രകാശിന്‍റെ വീട്ടിലേക്ക് പോകുമ്ബോള്‍ ആണ് ആക്രമിക്കപെട്ടത്.
‘നിന്‍റെ മെമ്പര്‍ പ്രകാശ് എവിടെ ആണെടാ ഉള്ളത്’ എന്ന് അസഭ്യം പറഞ്ഞ് കൊണ്ടാണ് തലങ്ങും വിലങ്ങും മര്‍ദിച്ചതെന്ന് അജു പറഞ്ഞു. കൊല്ലുക എന്ന ലക്ഷ്യത്തോടെയായിരുന്നു അക്രമികള്‍ എത്തിയത്. കുറച്ചു ദിവസമായി പ്രകാശിനെ വീട്ടില്‍ എത്തിച്ചിരുന്നത് അജുവായിരുന്നു.
നിന്‍റെ മുതലാളിയെയും കൂട്ടരെയും ഭൂമിക്ക് മുകളില്‍ വെക്കില്ലെന്നും പ്രകാശിന്‍റെ പേരുപറഞ്ഞാണ് മര്‍ദിച്ചത്. വയലില്‍ ചാടിയാണ് അജു രക്ഷപെട്ടത്. മുഖത്ത് സ്പ്രേ അടിച്ചായിരുന്നു ആക്രമണം.
റാന്നിപഞ്ചായത്തില്‍ ഇന്നലെ നടന്ന ആവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടാണ് കൊലപാതക ശ്രമമെന്ന് ആക്രമികളുടെ കൊലവിളിയില്‍ നിന്നും മനസിലായെന്ന് അജു പറഞ്ഞു. റാന്നി പഞ്ചായത്തില്‍ 12ാം വാര്‍ഡില്‍ സ്വാതന്ത്രനായി മത്സരിച്ചു ജയിച്ച പ്രകാശ് കുഴികാല കൈ ഒടിഞ്ഞ് കുറച്ചു ദിവസമായി ചികിത്സയില്‍ ആയിരുന്നു. പ്രകാശിനെ ദിവസവും സ്വന്തം സ്ഥാപനത്തില്‍ നിന്നും അജു ആണ് രാത്രിയില്‍ വീട്ടില്‍ എത്തിച്ചിരുന്നത്. അജുവിന്‍റെ കൂടെ ഇന്നലെ പ്രകാശ് എത്തിയിരുന്നില്ല.
തന്നെ ലക്ഷ്യം വെച്ചായിരുന്നു ഗുണ്ടാ ആക്രമണമെന്ന് പ്രകാശ് കുഴികാല പറഞ്ഞു. ജനാധിപത്യത്തിലെ പരാജയത്തിനു കൊലനടത്തി വിജയിക്കാം എന്ന ഇടതു വ്യാമോഹം ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ലെന്നും പ്രകാശ് പറഞ്ഞു. തന്നെ അവസാനിപ്പിക്കാന്‍ ലക്ഷ്യം വെച്ചുള്ള ആക്രമണ ശൈലിയാണ് ഇവിടെ സ്വീകരിച്ചതെന്നും പ്രകാശ് പറഞ്ഞു.
റാന്നി പഞ്ചായത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വാതന്ത്രനായി ജയിച്ച പ്രകാശ് യു.ഡി.എഫ് പിന്തുണയില്‍ പ്രസിഡന്‍റ് ആകേണ്ടതായിരുന്നു. ബി.ജെ.പി സിപിഎം കൂട്ടുകെട്ടില്‍ കേരള കോണ്‍ഗ്രസ് (എം) അംഗം പ്രസിഡന്‍റ് ആയി. വ്യാഴാഴ്ച കോണ്‍ഗ്രസും പ്രകാശും കൂടി നല്‍കിയിരുന്ന അവിശ്വാസം കോറം തികയാഞ്ഞതിനാല്‍ വിജയിച്ചില്ല.
അവിശുദ്ധ കൂട്ടുകെട്ടിന് എതിരെ നിലപാട് എടുത്തതുകൊണ്ടാണ് തന്നെ ലക്ഷ്യം വെച്ചുള്ള ഗുണ്ടാ ആക്രമണമെന്ന് പ്രകാശ് പറയുന്നു. തനിക്കെതിരെ വധഭീഷണി ഉണ്ടന്നും പരാതി കൊടുത്തിട്ടുണ്ടെന്നും അറിയിച്ചു. അജുവിനു സംസാരിക്കാന്‍ കഴിയാത്തതിനാല്‍ പിതാവിന്‍റെ മൊഴിയെടുത്തു. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ റാന്നി പോലീസ് കേസെടുത്തു.