റാന്നി: വലിയതോടിന്റെ നവീകരണ പദ്ധതി പൊല്ലാപ്പിലാക്കിയത് വൈദ്യുതി വകുപ്പിനെ. പദ്ധതിയുടെ ഭാഗമായി വലിയതോടിന്റെ ആഴം കൂട്ടിയപ്പോള്‍ കരയില്‍ നിന്ന ട്രാന്‍സ്ഫോമര്‍ ഏതു നിമിഷവും നിലംപതിക്കുമെന്ന സ്ഥിതിയിലായി. റോഡിന്റെ തിട്ട ഇടിഞ്ഞ് വൈദ്യുതി തൂണ്‍ ചരിഞ്ഞിരിക്കുകയാണ്.
വലിയകാവ് കടവുപുഴ കളത്തൂര്‍പടിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. സംഭവമറിഞ്ഞ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തിയെങ്കിലും അവരും നിസഹായരായി. തികച്ചും അപകടകരമായാണ് ട്രാന്‍സ്ഫോമറും വൈദ്യുതി തൂണുകളും നില്‍ക്കുന്നത്. ട്രാന്‍സ്ഫോമറിന്റെ സുരക്ഷിതത്വത്തിനായി നിര്‍മ്മിച്ച ഫെന്‍സിങ്ങും തകര്‍ന്നു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് അങ്ങാടി പഞ്ചായത്തിലെ വലിയകാവു മുതല്‍ വലിയതോടിന്റെ ആഴം കൂട്ടി വരികയായിരുന്നു ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍. ബ്ലോക്കുപഞ്ചായത്തും അങ്ങാടി പഞ്ചായത്തും പദ്ധതിക്കായി പണം ചിലവിടുന്നുണ്ട്. വലിയകാവില്‍ നിന്നാരംഭിച്ച് ഇട്ടിയപ്പാറ മാമുക്ക് വഴി പമ്പാനദിയില്‍ എത്തിച്ചേരുന്ന തോടാണിത്. കാടും പോളയും പായലും നിറഞ്ഞ് തോടിന്റെ ആഴം കുറഞ്ഞ നിലയിലായിരുന്നു. ഇതുമൂലം ചെറിയ മഴ പെയ്താലുടന്‍ തോട്ടില്‍ ജലനിരപ്പുയരുമായിരുന്നു.
പദ്ധതിയുടെ ഉദ്ഘാടനം മാസങ്ങള്‍ക്കു മുമ്പ് നടന്നെങ്കിലും കോവിഡും ലോക്ക്ഡൗണും മൂലം പണി നടന്നിരുന്നില്ല. മഴക്കാലത്തിനു മുമ്പ് ആഴം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ വീണ്ടും കാത്തിരിക്കേണ്ടി വരും. അതിനാല്‍ തിരക്കിട്ട് ജോലികള്‍ നടത്തുകയായിരുന്നു. കുറച്ചുനാള്‍ മുമ്പ് കുടിവെള്ള പദ്ധതിക്കായി മണ്ണുമാന്തി യന്ത്രം ഇതുവഴി ഇറക്കിയപ്പോള്‍ ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിരുന്ന തൂണില്‍ തട്ടി ചരിഞ്ഞിരുന്നു. അതിനൊപ്പം അടിവശത്തെ മണ്ണ് തോടിന് ആഴം കൂട്ടിയപ്പോള്‍ ഇളകി പോവുകയും ചെയ്തു. ഇതോടെ ഏതുസമയവും നിലംപതിക്കുമെന്ന നിലയിലാണ് ട്രാന്‍സ്ഫോമര്‍. തോടിനും റോഡിനും ഇടയില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് വൈദ്യുതി തൂണിന് ബലം കൊടുത്തില്ലെങ്കില്‍ വന്‍ അപകടം ഉണ്ടാകുവാന്‍ സാധ്യതയേറെയാണ്. ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുമായി വൈദ്യുതി വകുപ്പിന് ബന്ധപ്പെടാനായിട്ടില്ല. തിങ്കളാഴ്ച ഉന്നതോദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടര്‍ അറിയിച്ചു.