പത്തനംതിട്ട : വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും അപഹരിക്കുകയും ചെയ്ത പോലീസുകാരന്‍ പരാതിക്കാരിയെ വിവാഹം കഴിച്ച് കേസില്‍ നിന്ന് തടിയൂരി. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ ദേവ് ആണ് പരാതിക്കാരിയെ വിവാഹം കഴിച്ചത്.
റാന്നി കീക്കോഴൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു പരാതിക്കാരിയായ പുല്ലപ്രം സ്വദേശിനിയെ വിവാഹം ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി തന്നെ ശാരീരീകമായി പലതവണ പീഢിപ്പിച്ചു, സ്വര്‍ണവും പണവും തട്ടിയെടുത്തതായി യുവതി നല്‍കിയ പരാതിയില്‍ പോലീസുകാരനെതിരെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം റാന്നി പോലീസ് കേസെടുത്തിരുന്നു.
ഇതേ തുടര്‍ന്ന് പോലീസുകാരന്‍ മെഡിക്കല്‍ ലീവെടുത്തു മുങ്ങുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്. 2020 മേയ് 12ന് പരാതിക്കാരിയുടെ വിട്ടില്‍വെച്ച് ശാരീരികമായി പീഡീപ്പിക്കുകയും ചെയ്തുവെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനിക്ക് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
കൂടാതെ 173800രൂപയും ഒന്നേകാല്‍ പവന്‍ സ്വര്‍ണവും അരുണ്‍ ദേവ് കൈവശപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. വിവാഹം ചെയ്യാം എന്നുപറഞ്ഞ് അരുണ്‍ ദേവ് മറ്റു പല പെണ്‍കുട്ടികളെയും ഉപദ്രവിച്ചതായി മനസ്സിലായെന്നും യുവതി പരാതിയില്‍ പറയുന്നു.