മലപ്പുറം : ആരോഗ്യ കേരളത്തിന് അപമാനമായി വീണ്ടും ആംബുലന്‍സില്‍ പീഡനശ്രമം. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നത്. വണ്ടൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പുലാമന്തോള്‍ സ്വദേശി പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡര്‍ ആണ് പ്രശാന്ത്.
പെരിന്തല്‍മണ്ണയില്‍ സ്‌കാനിംഗിനായി കൊണ്ടുപോകുമ്പോള്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. ഏപ്രില്‍ 27 ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികരിക്കാന്‍ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നുവെന്ന് യുവതി പറയുന്നു.
നേരത്തേ അടൂരില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചത് കേരളത്തിന് നാണക്കേടായി മാറിയിരുന്നു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫലിനെ (29) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കൊറോണ കെയര്‍ സെന്ററിലേക്ക് പോകുമ്പോഴായിരുന്നു പീഡനം. കായംകുളം പോലീസ് സ്റ്റേഷനിലടക്കം പതിനഞ്ചോളം കേസുകളില്‍ പ്രതിയായിരുന്നു നൗഫല്‍.