കോഴിക്കോട്: മുക്കം മുത്തേരിയില്‍ വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം കവര്‍ച്ച നടത്തിയ കേസിലെ പ്രതി ജയില്‍ചാടി. മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങല്‍ നല്ലിമ്പത്ത് വീട്ടില്‍ മുജീബ് റഹ്മാന് (45) ആണ് ജയില്‍ചാടിയത്. കോഴിക്കോട് ജില്ലാ ജയില്‍ കോവിഡ് സെന്ററില്‍നിന്ന് ഇന്നലെ രാത്രിയാണ് ഇയാള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ജൂലൈ 17ന് മുക്കം പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്ത പ്രതി ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്നു.
കഴിഞ്ഞ ദിവസം ഈ കേസില്‍ മുക്കം പോലീസ് താമരശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. ജയില്‍ ചാടിയ പ്രതിക്കായി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
ഓട്ടോ യാത്രക്കിടെ 65 വയസുകാരിയെ ബോധരഹിതയാക്കി ലൈംഗികമായി പീഡിപ്പിക്കുകയും കവര്‍ച്ച ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ജൂലൈ രണ്ടിന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
ഓമശേരിയിലെ ഹോട്ടലിലേക്ക് പോകവെ മുത്തേരിയില്നിന്നാണ് വയോധിക ഓട്ടോറിക്ഷയില്‍ കയറിയത്. ഓട്ടോയില്‍ മര്‍ദ്ദിച്ച് അവശയാക്കി വായില്‍ തുണി തിരുകി തൊട്ടടുത്തുള്ള കാപ്പുമല റബ്ബര്‍ എസ്റ്റേറ്റിലെ വിജനമായ കുറ്റിക്കാട്ടിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയും ബാഗ്, ആഭരണങ്ങള്‍, മൊബൈല്‍ഫോണ്‍, പണം എന്നിവ കവര്‍ന്നെന്നുമാണ് കേസ്. അവശയായായ സ്ത്രീ തൊട്ടടുത്ത് വീട്ടിലെത്തി വിവരം അറിയിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വാഹനമോഷണം, പിടിച്ചുപറി എന്നീ കേസുകള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് മുജീബ് റഹ്മാന്.