ഗുവാഹതി : അസമിലെ കച്ചാറിൽ യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് പത്തു ദിവസത്തിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 25ന് പ്രതികൾ രണ്ടു പേരും വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും എതിർത്താൽ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നും യുവതി പരാതിയിൽ പറഞ്ഞു.
മൂർച്ചയുള്ള ആയുധം കൊണ്ട് തന്നെ ആക്രമിക്കാൻ ശ്രമിച്ചതായും തല വെട്ടാൻ ശ്രമിച്ചതായും നാല് കൈവിരലുകൾ അറുത്ത് മാറ്റിയതായും യുവതി പറഞ്ഞു. പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയിതില്ലെന്നും പിന്നീട് ധോലായ് പോലീസ് സ്റ്റേഷനിൽ ചെന്ന് വലിയ തർക്കത്തിനൊടുവിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും യുവതി ആരോപിച്ചു. പ്രതികളോട് ഇതുവരെയും പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പോലും ആവശ്യപ്പെട്ടിരുന്നില്ലെന്നും യുവതി ആരോപിച്ചു.
ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പരാതിക്കാരിയായ യുവതിയുടെ രണ്ടാം ഭാര്യയുടെ പിതാവാണ് പ്രതികളിലൊരാൾ. തങ്ങൾക്കെതിരെ കുറ്റം ചാർത്തുകയായിരുന്നെന്നാണ് പ്രതികൾ ആരോപിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്നും യുവതി പറഞ്ഞ പ്രകാരം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആരോ ഇവരെ കൊല്ലാൻ ശ്രമിച്ചെന്ന് വ്യക്തമാണെന്നും പോലീസ് പറഞ്ഞു.