കൊച്ചി : നടി ലീന മരിയ പോളിനെ ഭയപ്പെടുത്തി പണം തട്ടിയെടുക്കാനായി കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെയ്പു നാടകം ഒരുക്കിയ സൂത്രധാരന്റെ പേര് അധോലോക കുറ്റവാളി രവി പൂജാരി വെളിപ്പെടുത്തി.
ഇയാളുടെ നിര്‍ദേശപ്രകാരമാണു കേരളത്തിലെ മറ്റു ചിലരെയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നും രവി പൂജാരി പറഞ്ഞു. ഇരകളെ ഭയപ്പെടുത്താന്‍ വെടിവെയ്പുകള്‍ ആസൂത്രണം ചെയ്തതും ഈ സൂത്രധാരനും അയാളുടെ അടുപ്പക്കാരായ ഗുണ്ടാ സംഘങ്ങളുമാണ്. പെരുമ്പാവൂര്‍, കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലെ ഗുണ്ടാ സംഘങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണ്.
പാര്‍ലര്‍ ഉടമ ലീന മരിയ പോളിന്റെ പക്കല്‍ 25 കോടി രൂപയുടെ ഹവാല പണം എത്തിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് അതു തട്ടിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു രവി പൂജാരി വധഭീഷണി നാടകം കളിച്ചതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ലീന മരിയയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതു താന്‍ തന്നെയാണെന്ന കുറ്റസമ്മത മൊഴികള്‍ രവി പൂജാരി അന്വേഷണ സംഘത്തോട് ഇന്നലെ ആവര്‍ത്തിച്ചു. ലീനയടക്കം കേരളത്തിലുള്ള ആരെയും നേരിട്ടു പരിചയമില്ല.
ഫോണില്‍ ഭീഷണിപ്പെടുത്തേണ്ടവരുടെ പേരും ഫോണ്‍ നമ്പറും കൈമാറിയിരുന്നതു പോലീസ് അന്വേഷിക്കുന്ന സൂത്രധാരനാണ്. കേസിലെ പിടികിട്ടാപ്പുള്ളിയായ കൊല്ലം സ്വദേശി അജാസും ഇയാളുടെ സുഹൃത്തായ ഡോക്ടറും വധഭീഷണി നാടകത്തില്‍ പങ്കാളികളാണ്. ലീന മരിയ പോളും ഇവരുടെ സുഹൃത്താണ്. പോലീസിനു പിടികൊടുക്കാതെ അജാസ് വിദേശത്തേക്കു കടന്നിരുന്നു. രവി പൂജാരിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍, കാസര്‍കോട് ഗുണ്ടാ സംഘങ്ങളിലെ ചിലരെ വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യും. ക്രൈംബ്രാഞ്ചിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്.