തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി ആര്.സി.സി ഒ.പി വിഭാഗത്തില്‍ 17 മുതല്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തും.
രാവിലെ ഒമ്പതുമുതല്‍ 12 വരെയും ഉച്ചക്ക് 12 മുതല്‍ വൈകീട്ട് നാലുവരെയും രണ്ടു ഷിഫ്റ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഷിഫ്റ്റിലേയ്ക്കുള്ള പ്രവേശനം രാവിലെ 7.30നും രണ്ടാം ഷിഫ്റ്റിലേക്കുള്ള പ്രവേശനം രാവിലെ 11നും ആരംഭിക്കും.
പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും ആവശ്യമായ സമയം, രോഗിയുടെ ആരോഗ്യസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ സമയം നിശ്ചയിച്ചു നല്‍കുന്നത്. ഏത് ഷിഫ്റ്റില്‍ ഏതുസമയത്താണ് രോഗി ആശുപത്രിയില്‍ എത്തേണ്ടതെന്ന് കൃത്യമായി രേഖപ്പെടുത്തിയ സ്ലിപ് രോഗികള്‍ക്ക് നല്‍കും. ഷിഫ്റ്റ് മാറിയോ സമയം മാറിയോ വരാതിരിക്കാന്‍ രോഗികള്‍ ശ്രദ്ധിക്കണം. നേരത്തേ അപ്പോയിന്മെന്റ് ലഭിച്ച രോഗികള്‍ സെക്യൂരിറ്റി കൗണ്ടറില്‍നിന്ന് സ്ലിപ് വാങ്ങണം.
കിടത്തിചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. രോഗിയെ വാര്‍ഡില്‍ പ്രവേശിപ്പിക്കുമ്പോള്‍ അത്യാവശ്യഘട്ടങ്ങളില്‍ പരിചരിക്കാനെത്തുന്നത് ഒരേ സഹായിതന്നെ ആയിരിക്കണം. സഹായി മാസ്ക്കും ഷീല്‍ഡും ഉള്‍പ്പെടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം സൂക്ഷിക്കുകയും വേണം. രക്തപരിശോധനയ്ക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കാനായി രോഗികള്‍ അവരുടെ പ്രദേശത്തുള്ള NABL അംഗീകൃത ലാബുകളില്‍ പരിശോധന നടത്തിയതിനുശേഷം വന്നാല്‍ മതി. കീമോതെറാപ്പി ഉള്‍പ്പെടെ സേവനം വേഗത്തില്‍ നല്കാന് ഇത് സഹായിക്കും.
അര്‍ബുദരോഗികള്‍ക്കുള്ള പെന്ഷന് സര്‍ട്ടിഫിക്കറ്റ് ജില്ല, താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെട്ടാല്‍ ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.