കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറയുന്ന ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണെന്ന് ഇ ശ്രീധരന്‍. ഒരു രാഷ്ട്രീയക്കാരനായല്ല പകരം ടെക്‌നോക്രാറ്റെന്ന നിലയിലാകും പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. പുനര്‍നിര്‍മാണം പൂര്‍ത്തിയായ പാലാരിവട്ടം പാലത്തില്‍ വ്യാഴാഴ്ച പരിശോധനയ്‌ക്കെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താമസസ്ഥലമായ പൊന്നാനിയില്‍ നിന്ന് ഏറെ ദൂരയുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തരുതെന്ന് മാത്രമാണ് പാര്‍ട്ടിയോട് പറഞ്ഞത്. പാലാരിവട്ടം വിഷയം തിരഞ്ഞെടുപ്പില്‍ വലിയ പ്രചാരണ വിഷയമാകും. കേരളത്തില്‍ ബിജെപി വലിയൊരു വിജയം പ്രതീക്ഷിക്കുന്നുവെന്നും ശ്രീധരന്‍ പറഞ്ഞു. ഡിഎംആര്‍സിയില്‍ നിന്ന് വിരമിച്ച ശേഷമേ നാമിര്‍ദേശ പത്രിക നല്‍കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ചയോടെ പാലത്തിന്റെ എല്ലാ പണികളും പൂര്‍ത്തിയാകും. നാളെയോ മറ്റന്നാളോ പാലം കൈമാറും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഉച്ചയോടെ സര്‍ക്കാരിന് നല്‍കും. പാലത്തിന്റെ പുനര്‍നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി. വളരെ വേഗത്തില്‍ പണി പൂര്‍ത്തിയാക്കിയതിന് ഊരാളുങ്കലിന് നന്ദിയറിക്കുന്നതായും അദ്ദേഹം പറഞ്ഞു.