ഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. വിഷയത്തില്‍ ഇന്ന് പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റി മുന്‍പാകെ അധിര്‍ രഞ്ജന്‍ ഹാജരായി മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ബംഗാളിയിലെ ചില പ്രയോഗങ്ങള്‍ ഹിന്ദി സംഭാഷണത്തില്‍ ഉപയോഗിച്ചത് തെറ്റിദ്ധാരണയുണ്ടാക്കി എന്നും അദ്ദേഹം പ്രിവിലേജ് കമ്മിറ്റി മുന്‍പാകെ അറിയിച്ചു. തുടര്‍ച്ചയായ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ലോക്സഭയില്‍ നിന്ന് അധീര്‍ രഞ്ജന്‍ ചൗധരിയെസസ്പെന്‍ഡ് ചെയ്തത്. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമെതിരായ പരാമര്‍ശങ്ങളിലായിരുന്നു നടപടി.
ഇതാദ്യമായാണ് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവിനെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നത്. രാജാവ് അന്ധനാണെന്നും ധൃതരാഷ്ട്രര്‍ അന്ധനായിരുന്നപ്പോള്‍ ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടെന്നും മണിപ്പൂര്‍ വിഷയത്തെ താരതമ്യപ്പെടുത്തിക്കൊണ്ട് അധീര്‍ രഞ്ജന്‍ പറഞ്ഞു. മണിപ്പൂരിലെ കലാപത്തെ ഒരു സംസ്ഥാനത്തെയും അക്രമവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്പെന്‍ഡ് ചെയ്യുന്നതായി അറിയിച്ചത്.