തിരുവനന്തപുരം: മാസപ്പടി കേസിൽ കേസെടുക്കുന്നത് വൈകും. അടുത്ത ആഴ്ചയോടെ മാത്രമെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയുള്ളൂ. ഈയാഴ്ച അവസാനത്തോടെ നിയമോപദേശം ലഭിക്കുന്നതിനെ തുടർന്ന് വിശദമായ കൂടിയാലോചനക്ക് ശേഷമാകും കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് തീരുമാനിക്കുക. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ആയതിനാൽ വിജിലൻസ് അന്വേഷണത്തിനാണ് കൂടുതൽ സാധ്യത. റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. റിയാസിനെതിരെ കൂടി ആരോപണം ശക്തമായതോടെ ഇഡിക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സിപിഎം. കേസിൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറൽ വൈകാതെ നിയമോപദേശം നൽകും. ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലമാണ് ഇ.ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് കടക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
കേസിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകളുണ്ടെന്നാണ് ഇഡിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിജിലൻസ് അന്വേഷിക്കട്ടെയെന്ന നിലപാടാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഇതിനോടകം സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനാണ് കൂടുതൽ സാധ്യത. അഴിമതി നിരോധനനിയമത്തിന് പുറമേ കൂടുതൽ കുറ്റങ്ങൾ കണ്ടെത്തിയാൽ പൊലീസിലെ മറ്റ് ഏജൻസികളെയും അന്വേഷണത്തിനായി നിയോഗിക്കേണ്ടിവരും.






























