ബംഗളൂരു : കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് ബന്ധുക്കള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച മാനസികാസ്വസ്ഥ്യമുള്ള യുവാവിന്റെ മൃതദേഹം കര്‍ണാടക പോലീസ് സംസ്കരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് നാലുദിവസം മുമ്പ് മരിച്ച 44കാരന്റെ അന്ത്യകര്‍മ്മങ്ങളാണ് മുന്ന് പോലീസുകാര്‍ ചേര്‍ന്ന് നിര്‍വഹിച്ചത്.
വന്യമൃഗശല്യം ഏറെയുള്ള മൈസൂരുവിനടുത്ത് അതിര്‍ത്തി ജില്ലയായ ചാമരാജ് നഗറിലെ ഒരുഗ്രാമത്തിലാണ് സംഭവം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കാനൊരുങ്ങിയെങ്കിലും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. പുരോഹിതന്റെ അസാന്നിധ്യത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മഡിഗൗഡയും രണ്ട് പോലീസുകാരും ചേര്‍ന്നാണ് പ്രദേശത്തെ ശ്മശാനത്തില്‍ ഹൈന്ദവ ആചാരപ്രകാരം യുവാവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. മൂവരും ചേര്‍ന്ന് കുഴിമാടമൊരുക്കുകയും മാഡിഗൗഡ മൃതശരീരത്തിന് വെള്ളപുതപ്പിക്കുകയും മറവ് ചെയ്യുകയും ചെയ്തു.