ദുബായ് : അൽ ഫഹിദി, ബർ ദുബായ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ദേര ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തുറന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു. പഴയ ബലദിയ റോഡ്, ഗോൾ സൂഖ് പ്രദേശങ്ങളിലുള്ളവർക്ക് സ്റ്റേഷനിലൂടെ മികച്ച യാത്രാസേവനങ്ങൾ ലഭിക്കും.
സമുദ്ര ഗതാഗതസേവനങ്ങളും സൗകര്യങ്ങളും നവീകരിക്കാനുള്ള ആർ.ടി.എ. യുടെ പ്രധാനപദ്ധതിയുടെ ഭാഗമായാണ് മറൈൻ സ്റ്റേഷൻ നവീകരിച്ചത്. ആദ്യ ഘട്ടത്തിൽ ബർ ദുബായ് മോഡൽ സ്റ്റേഷന് സമാനമായ നവീകരണമാണ് ദേര ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനിലും നടത്തിയതെന്ന് ആർ.ടി.എ.യിലെ പൊതു ഗതാഗത ഏജൻസി സി.ഇ.ഒ. അഹമ്മദ് ഹാഷിം ബഹ്‌റോസ്യാൻ വ്യക്തമാക്കി.