റാന്നി : ഇറിഗേഷൻ വകുപ്പ് അവഗണിച്ച കുളിക്കടവുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിൻ്റെ കൈത്താങ്ങില്‍ പുനരുദ്ധാരണം ആരംഭിച്ചു. റാന്നി പഴവങ്ങാടി പഞ്ചായത്തിലെ പള്ളിക്കടവാണ് പുനരുദ്ധരിക്കുന്നത്. വേനൽ ചൂട് കടുക്കുന്നതോടെ പഞ്ചായത്തിലെ നിരവധി ആളുകൾ ഉപയോഗിക്കുന്ന കടവാണിത്. ഈ കടവു തകരാറിലായിട്ട് മൂന്ന് വർഷം കഴിഞ്ഞിരുന്നു.
2018ലെ പ്രളയത്തിനു ശേഷം കടവിൽ ഇറങ്ങാൻ പറ്റാത്തവസ്ഥയായിരുന്നു. തുടർന്ന് വാർഡ് മെമ്പറും നാട്ടുകാരും ചേർന്ന് നിരവധി പരാതികൾ ഇറിഗേഷൻ വകുപ്പിന് നല്കിയെങ്കിലും കടവ് വൃത്തിയാക്കാനുള്ള യാതൊരു നടപടിയും വകുപ്പിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല. വേനലില്‍ ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും തോടുകളും വറ്റിവരള്ളുന്നതിനെ തുടർന്ന് ധാരാളം ആളുകൾ കുളിക്കുന്നതിനും വസ്ത്രങ്ങൾ, കഴുകുന്നതിനും പമ്പാനദിയിലെ പള്ളിക്കടവിലാണ് എത്തുന്നത്.
ആളുകൾക്ക് നദിയിലേക്ക് ഇറങ്ങാൻ സൗകര്യ കുറവ് ഉണ്ടായതിനെ തുടർന്നാണ് വാർഡ് മെമ്പർ ബ്രില്ലി ബോബി കടവ് പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് കളക്ടർ അടക്കം വകുപ്പിന് പരാതി നല്കിയത്. എന്നാൽ ഇറിഗേഷൻ വകുപ്പിൽ ഫണ്ട് ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് പഞ്ചായ കമ്മിറ്റിയിൽ വിഷയം അവതരിപ്പിക്കുകയും പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും ചെയ്തത്. ജനങ്ങൾക്ക് പ്രയോജനം ഇല്ലാത്ത അശാസ്ത്രീയ പണികൾ നടത്തി കരാറുകാരെ കൊഴുപ്പിക്കുന്ന ഇറിഗേഷൻ വകുപ്പിൻ്റെ നടപടി അവസാനിപ്പിച്ച് നദിയിലെ തകർന്ന കുളിക്കടവുകളുടെ പുനരുദ്ധാരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.