മല്ലപ്പള്ളി : മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മലമ്പനി മുക്തമായി പ്രഖ്യാപിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലൈല അലക്സാണ്ടറാണ് പ്രഖ്യാപനം നടത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം ബാബു കൂടത്തിൽ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ റസാഖ് ഇതു സംബന്ധിച്ച രേഖകൾ ബ്ലോക്ക് പഞ്ചായത്തിനു കൈമാറി. ബി.ഡി.ഒ. ലക്ഷ്മി ദാസ് , ജോയിന്റ് ബി.ഡി.ഒ. ജി. കണ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഹരികുമാർ എന്നിവർ പ്രസംഗിച്ചു. ബ്ലോക്കിലെ ആനിക്കാട്, മല്ലപ്പള്ളി, കുന്നന്താനം, കവിയൂർ, കല്ലൂപ്പാറ, കോട്ടാങ്ങൽ , കൊറ്റനാട് പഞ്ചായത്തുകൾ ലക്ഷ്യം കൈവരിച്ചതോടെയാണ് ബ്ലോക്കിന് സർട്ടിഫിക്കറ്റ് ലഭിച്ചത്.
ബ്ലോക്കിലെ 96 വാർഡുകളിലും പത്ത് വീടിന് ഒന്ന് എന്ന കണക്കിൽ സർവ്വേ നടത്തി. ലക്ഷണങ്ങൾ ഉള്ളവർക്ക് വിശദമായ പരിശോധന നടത്തി. ഗ്രാമസഭകളിൽ പ്രചരണം നടത്തി. 5 വർഷത്തിനുള്ളിൽ ഈ പ്രദേശങ്ങളിൽ മലമ്പനി റിപ്പോർട്ടു ചെയ്തിട്ടില്ല. കേരളത്തിലെ 5 ജില്ലകൾ മലമ്പനി മുക്ത പദ്ധതിക്ക് തെരഞ്ഞെടുത്തതിൽ ഒന്നാണ് പത്തനംതിട്ട. ഇന്ത്യയിലെ പല വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോഴും മലമ്പനി റിപ്പോർട്ടു ചെയ്യുന്നുണ്ട്.