റാന്നി : പെരുന്തേനരുവി തടയണയില്‍ അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കുന്ന ജോലികള്‍ ആരംഭിച്ചു. കഴിഞ്ഞ പ്രളയത്തിലാണ് പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയിലെ ഫോര്‍ബേ ടാങ്കിലേയ്ക്ക് വെള്ളം എത്തിക്കുന്ന കനാലും ഷട്ടറുകളും ചെളിയില്‍ പൂണ്ടത്. അതിനു ശേഷം മാസങ്ങളായി വൈദ്യുത ഉത്പാദനം ഇവിടെ മുടങ്ങിയിരിക്കുകയാണ്. ചെളിയില്‍ പൂണ്ടതിനാല്‍ ഷട്ടറുകള്‍ ഉയര്‍ത്താനാകാതെ പോയതിനാല്‍ തടയണയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരുന്നു.
കനാലിലേയും ഫോര്‍ബേ ടാങ്കിലേയും മണലും ചെളിയും നീക്കിയ ശേഷമാണ് തടയണയുടെ ഉള്ളില്‍ ഷട്ടര്‍ സ്ഥാപിച്ച സ്ഥലത്തെ മണ്ണും ചെളിയും യന്ത്ര സഹായത്തോടെ നീക്കാനാരംഭിച്ചത്. തടയണയുടെ ഒരു വശം മുഴുവന്‍ വലിയ തോതില്‍ ടണ്‍ കണക്കിനാണ് മണ്ണും ചെളിയും അടിഞ്ഞിരിക്കുന്നത്. 2018ലെ പ്രളയത്തില്‍ അടിഞ്ഞ മണ്ണും ചെളിയും മൂലം തടയണയുടെ ആഴം കുറഞ്ഞതായി ആശങ്ക നിലനില്‍ക്കെയാണ് ഇത്തവണ തടയണയുടെ പുറത്ത് കനാലിലും ചെളിയടിഞ്ഞത്.