ബെംഗളൂരു: കന്നഡ നടൻ ദർശൻ പ്രതിയായ രേണുക സ്വാമി കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദർശനും സംഘവും മർദ്ദിച്ച് കൊലപ്പെടുത്തിയ രേണുകാ സ്വാമിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. തലയ്ക്കേറ്റ മാരകമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. രേണുകാ സ്വാമിയുടെ ദേഹത്താകെയുള്ള ഗുരുതരമായ 15 മുറിവുകൾ വെളിപ്പെടുത്തുന്നത് ഇയാൾ ക്രൂരപീഡനത്തിന് ഇരയായി എന്നുള്ളതാണ്.
രേണുകാസ്വാമിയുടെ തല ഷെഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ചെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു.
അക്രമിസംഘത്തിലുള്ളവർ തന്നെയാണ് കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. രേണുകാസ്വാമിയെ ഇലക്ട്രിക് ഷോക്ക് ഏൽപിക്കുകയും വാട്ടർ ഹീറ്ററിന്‍റെ കോയിൽ ചൂടാക്കി ദേഹത്ത് വച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. അക്രമിസംഘത്തിൽ നിന്ന് 10 മൊബൈൽ ഫോണുകളും 30 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. കുറ്റമേൽക്കാൻ ദർശൻ കൊടുത്തതാണ് 30 ലക്ഷമെന്ന് അക്രമിസംഘം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.