ന്യുഡല്‍ഹി: പരിഷ്‌കരിച്ച കാര്‍ഷിക നിയമങ്ങളെ കുറിച്ച് പഠിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 85 ഓളം കര്‍ഷക സംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് സമിതി വ്യക്തമാക്കി. പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും സമിതി അംഗങ്ങള്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സുപ്രീംകോടതി പുറത്തുവിട്ടിട്ടില്ല. ഹോളി അവധിക്കു ശേഷം ഏപ്രില്‍ അഞ്ചിന് സുപ്രീംകോടതി വീണ്ടും തുറക്കുമ്പോള്‍ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റീസ് എസ്.ബ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജനുവരി 12നാണ് സുപ്രീം കോടതി മുന്നു നിയമങ്ങളും നടപ്പാക്കുന്നത് രണ്ടു മാസത്തേക്ക് തടഞ്ഞുകൊണ്ട് സമിതിയെ നിയോഗിച്ചത്. രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഡോ.അശോക് ഗുലാത്തി, ഡോ.പ്രമോദ് ജോഷി, അനില്‍ ഘന്‍വത് എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സമിതി.
വിവാദ നിയമത്തിനെതിരെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് കര്‍ഷകരാണ് നവംബര്‍ മുതല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത്. കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള ഈ നിയമങ്ങള്‍ മണ്ഡികളെ ഇല്ലാതാക്കുമെന്നും വിലപേശാനുള്ള അധികാരം ഇല്ലാതാക്കുമെന്നും കര്‍ഷകര്‍ പറയുന്നു. എന്നാല്‍ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരുന്ന നിയമം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.