ഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. സ്വന്തം പ്രചാരണത്തിൽ ഏർപ്പെടുന്നതിന് പകരം പാർട്ടിക്കുവേണ്ടി മുഴുവൻ സമയം പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. കർണാടകയിലെ കലബുറഗി മണ്ഡലത്തിൽ നിന്നും ഏകകണ്ഠമായി ഉയർന്നുവന്നിരുന്നു പേരായിരുന്നു ഖാർഗെയുടേത്. പകരം, മരുമകൻ രാധാകൃഷ്ണൻ ദൊഡ്ഡമണിയുടെ പേര് അദ്ദേഹം മുന്നോട്ട് വച്ചുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
2009-ലും 2014-ലും കലബുറഗി മണ്ഡലത്തിൽനിന്ന് വിജയിച്ച ഖാർഗെ 2019-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തുടർന്നാണ് രാജ്യസഭാംഗമായത്. കലബുറഗി ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽവരുന്ന ഗുർമിത്കൽ നിയമസഭാ മണ്ഡലത്തെ 1972 മുതൽ 2008 വരെ നിയമസഭയിൽ പ്രതിനിധാനംചെയ്ത നേതാവാണ് ഖാർഗെ. തുടർന്ന് രണ്ടുതവണ ലോക്‌സഭാംഗമായ ഖാർഗെയുടെ ആദ്യത്തെ തിരഞ്ഞെടുപ്പുപരാജയമായിരുന്നു 2019-ലേത്. ബി.ജെ.പി.യുടെ ഉമേഷ് ജി. ജാദവിനോടാണ് അദ്ദേഹം പരാജയപ്പെട്ടത്.