പത്തനംതിട്ട : ശബരിമല ക്ഷേത്രവുമായി ബന്ധപെട്ട് പ്രത്യേക ഭരണസംവിധാനം ക്രമീകരിക്കപ്പെടണമെന്ന് ഭക്തസംഘടനാ പ്രതിനിധികൾ. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെ ഭരണസംവിധാനം ക്രമീകരിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം. പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച ശബരിമല സുഖദർശനം സംവാദം പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് പ്രതിനിധികൾ ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയത്. ശബരിമലയിലെത്തുന്ന ഭക്തരുടെ താത്പര്യങ്ങൾ കൂടി പരിഗണിച്ച് നല്ലനിലയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ദേവസ്വം ബോർഡിനു കഴിയണമെന്നും അല്ലാത്തപക്ഷം ഭക്തരുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി ഒരു ഭരണസംവിധാനം വരണമെന്നും ശബരിമല അയ്യപ്പസേവാസമാജം അധ്യക്ഷൻ തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട് രാഷ്ട്രീയം പൂർണമായി ഒഴിവാക്കപ്പെടണമെന്നും വേറിട്ടൊരു ഭരണസംവിധാനം ക്ഷേത്രത്തിനുണ്ടാകുന്നത് നല്ലതാണെന്നും തീർഥാടന ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ നിയമനിർമാണം നടത്തണമെന്നും അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി ഡി. വിജയകുമാർ പറഞ്ഞു.
ശബരിമലയിലെ ഭരണസംവിധാനത്തെ സംബന്ധിച്ച് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ ഇതു നടപ്പാക്കുകയാണ് വേണ്ടതെന്നും കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്ന പ്രകാരം പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള ഭരണസംവിധാനം എത്രയുംവേഗം നടപ്പാക്കുകയാണ് വേണ്ടതെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി സുരേഷ് വർമ പറഞ്ഞു. ശബരിമല തീർഥാടകരിൽ നല്ലൊരു പങ്കും പന്തളത്തെത്തിയാണ് പോകുന്നത്. എന്നാൽ തീർഥാടനകാലത്തിനു മുന്നോടിയായ ക്രമീകരണങ്ങൾ പന്തളത്ത് നേരത്തെ തന്നെ ആരംഭിച്ച് പൂർത്തീകരിക്കാനാകുന്നില്ല. പന്തളത്തും സ്പോട്ട് ബുക്കിംഗ് സംവിധാനം വേണം. മുൻകാലങ്ങളിൽപന്തളത്തും സ്പോട്ട് ബുക്കിംഗ് സൗകര്യമുണ്ടായിരുന്നതാണ്. ഓരോ വർഷവും പന്തളത്തെത്തുന്ന ഭക്തരുടെ എണ്ണം കൂടി വരികയാണ്. തിരുവാഭരണ യാത്രയിൽ ഭക്തർക്ക് പ്രാഥമിക സൗകര്യങ്ങൾ , തിരക്ക്നിയന്ത്രിക്കാൻ കൂടുതൽ പോലീസ് സംവിധാനം എന്നിവ ഏർപ്പെടുത്തണം.