ഡൽഹി : രാജ്യമിന്ന് 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കൊവിഡ് കണക്കിലെടുത്ത് പരേഡ് സഞ്ചരിക്കുന്ന ദൂരം ഇക്കുറിയും മൂന്ന് കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്. നേരത്തെ ഇത് 8.2 കിലോമീറ്ററായിരുന്നു. കോവിഡ് സാഹചര്യത്തിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. ഇത്തവണ പരേഡ് കാണാൻ വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികൾ ഉണ്ടാകില്ല. ആഘോഷങ്ങൾ കണക്കിലെടുത്ത് പഴുതടച്ച സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിച്ചതിന് ശേഷം രാജ്പതിൽ നിന്നും രാവിലെ പത്തരക്കാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുക.
21 സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചല ദൃശ്യങ്ങളാണ് ഇത്തവണ പരേഡിലുണ്ടാകുക. വിജയ്ചൗക്കില്‍ നിന്ന് തുടങ്ങുന്ന പരേഡ് ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിപ്പിക്കും. കോവിഡ് ഭീഷണി കണക്കിലെടുത്ത് പരേഡിൽ പങ്കെടുക്കുന്ന സേനാംഗങ്ങളുടെ എണ്ണം 146ൽ നിന്നും 99 ആയി കുറച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച കാണികൾക്ക് മാത്രമാണ് പരേഡ് കാണാൻ അനുമതി. 15 വയസിന് മുകളിലുള്ളവർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം. മൈ ഗവൺ മെന്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ഓൺലൈനായി പരേഡ് കാണാനുള്ള അവസരമുണ്ട്.
പരേഡിന് പിന്നാലെ കര,വ്യോമ,നാവിക സേനകളുടെ ശക്തിപ്രകടനവും ഉണ്ടാകും. 12 സംസ്ഥാനങ്ങളുടെയും ഒമ്പത് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന ചടങ്ങിൽ പ്രദർശിപ്പിക്കും. ആക്രമണ സാധ്യത കണക്കിലെടുത്ത് ബോംബ് സ്‌ക്വാഡും സി.ആർ.പി.എഫും പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. നഗരത്തിൽ എല്ലായിടത്തും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തും കോവിഡ് നിയന്ത്രണങ്ങളോടെ ആഘോഷപരിപാടികൾ നടക്കും.
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഈ വര്‍ഷത്തെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 128 പേരുടെ പട്ടികയില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാല് പേര്‍ക്ക് പദ്മശ്രീയും ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, വെച്ചൂര്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണുത്തി സ്വദേശിയായ ഡോ ശോശാമ്മ ഐപ്പ് എന്നിവര്‍ പദ്മശ്രീ നേടി.
സാമൂഹ്യപ്രവര്‍ത്തനത്തിന് കെവി റാബിയയും കായിക രംഗത്തെ സംഭാവനകള്‍ക്ക് ചുണ്ടയില്‍ ശങ്കരനാരായണന്‍ മേനോനും പുരസ്‌കാരങ്ങള്‍ കിട്ടി. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം നാല് പേര്‍ക്ക് ഈ വര്‍ഷത്തെ പദ്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. മരണാനന്തര ബഹുമതിയായാണ് ബിപിന്‍ റാവത്തിനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങിനും യുപിയില്‍ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പദ്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകളും പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 62 പോലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചു.
































