തിരുവനന്തപുരം : ട്രഷറിയിൽ പണമില്ലാതെ വരുമ്പോൾ സംസ്ഥാനങ്ങൾ ഓവർ ഡ്രാഫ്റ്റിനെ(ഒ.ഡി.) ആശ്രയിക്കുന്നത് നിയന്ത്രിക്കാൻ റിസർവ് ബാങ്ക് സമിതിയുടെ ശുപാർശ. നിലവിൽ തുടർച്ചയായി 14 ദിവസം ഒ.ഡി.യിൽ തുടരാം. ഇത് പത്താക്കണമെന്നാണ് ശുപാർശ. സാമ്പത്തികവർഷത്തിന്റെ ഒരു പാദത്തിൽ 36 ദിവസംവരെ ഒ.ഡി. എടുക്കാമായിരുന്നു. ഇത് 30 ആക്കണമെന്നും ശുപാർശയുണ്ട്. കർണാടകത്തിലെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എസ്.എൻ. പ്രസാദ് അധ്യക്ഷനായി റിസർവ് ബാങ്ക് നിയോഗിച്ച ഉപദേശകസമിതിയാണ് ശുപാർശ നൽകിയത്. കേരളത്തിലെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലും അംഗമാണ്.
സാമ്പത്തികപ്രതിസന്ധി അതിജീവിക്കാൻ വേണ്ടത്ര മുൻകരുതലുകളില്ലാതെ, റിസർവ് ബാങ്കിന്റെ ഈ സൗകര്യങ്ങളെ സംസ്ഥാനങ്ങൾ അമിതമായി ആശ്രയിക്കുന്നത് തടയുന്നതിനായാണ് നിയന്ത്രണങ്ങളെന്ന് സമിതി പറയുന്നു. കേരളംപോലെ രൂക്ഷ സാമ്പത്തികപ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ ഇത് ബാധിക്കും. കേരളം റിസർവ് ബാങ്കിൽനിന്നുള്ള വേയ്‌സ് ആൻഡ് മീൻസ് വായ്പയെയും ഓവർ ഡ്രാഫ്റ്റ് സംവിധാനത്തെയും കൂടുതലായി ആശ്രയിക്കാറുണ്ട്.



























