ദില്ലി : നാല് നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനികളുടെ (NBFC) രജിസ്ട്രേഷൻ റിസർവ്വ് ബാങ്ക് റദ്ദാക്കി. തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് NBFC കളുടെയും ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ആസ്ഥാനമായുള്ള NBFC കൾ ഉൾപ്പെടെ, നാല് നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റാണ് (സിഒആർ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റദ്ദാക്കിയത്. കടപ്പത്രങ്ങളിലും സ്വർണ്ണപ്പണയ ബിസിനസിലും ക്രമക്കേടുകൾ നടത്തിയതിനെ കണ്ടെത്തിയതിനെത്തുടർന്നാണ് നാലു കമ്പനികളുടെയും രജിസ്ട്രേഷൻ റദ്ദാക്കിയതെന്നാണ് വിവരം. ഈ നാല് എൻബിഎഫ്‌സികളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള കാരണങ്ങൾ ആർബിഐ പുറത്ത് വിട്ടിട്ടില്ല.
തമിഴ്‌നാട് ആസ്ഥാനമായുള്ള പിവിപി ക്യാപിറ്റൽ ലിമിറ്റഡ്, റെയിൻ ബോ ഫിനാൻസ് ഇന്ത്യ ലിമിറ്റഡ്, ഛത്തീസ്ഗഡ് ആസ്ഥാനമായുള്ള മർവ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഉത്തർപ്രദേശ് ആസ്ഥാനമായുള്ള റാം അലോയ് കാസ്റ്റിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ രജിസ്ട്രേഷൻ റദ്ദാക്കിയ എൻബിഎഫ്‌സികൾ. തമിഴ്‌നാട് ആസ്ഥാനമായുള്ള പിവിപി ക്യാപിറ്റൽ, റെയിൻ ബോ ഫിനാൻസ് ഇന്ത്യ എന്നിവയുടെ രജിസ്‌ട്രേഷൻ 2024 നവംബർ 21നാണ് അസാധുവാക്കിയത്. പിവിപി ക്യാപിറ്റൽ രജിസ്റ്റർ ചെയ്തത് 2002 മെയ് 23-നാണ്. റെയിൻ ബോ ഫിനാൻസ് ഇന്ത്യ രജിസ്റ്റർ ചെയ്തത് 1998 മാർച്ച് 11 നും. 2017 ഒക്ടോബർ 31-ന് രജിസ്ട്രേഷൻ ലഭിച്ച ഛത്തീസ്ഗഢ് ആസ്ഥാനമായുള്ള മർവ ഫിനാൻസിൻ്റെ CoR റദ്ദാക്കിയത് 2024 നവംബർ 11നാണ്. ഉത്തർപ്രദേശ് ആസ്ഥാനമായുള്ള റാം അലോയ് കാസ്റ്റിംഗ്സിൻ്റെ രജിസ്ട്രേഷൻ 2024 നവംബർ 26 ന് റദ്ദാക്കി. രജിസ്ട്രേഷൻ റദ്ദാക്കിയതിനെ തുടർന്ന് ഈ കമ്പനികൾക്ക് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ കഴിയില്ല. സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത നിലനിർത്തുന്നതിനും പാലിക്കൽ ഉറപ്പാക്കുന്നതിനുമുള്ള ആർബിഐയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്നാണ് റിസർവ് ബാങ്ക് പറയുന്നത്.