വരന്തരപ്പിള്ളി : 30 വര്‍ഷം സ്റ്റേഷന്‍ വൃത്തിയാക്കി പരിപാലിച്ച രാധയുടെ പടിയിറക്കം പോലീസുകാര്‍ നല്‍കിയ അപൂര്‍വ യാത്രയയപ്പുകൊണ്ട് ശ്രദ്ധേയമായി. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ പാര്‍ട്ട് ടൈം സ്വീപ്പറായ മുപ്ലിയം സ്വദേശി രാധ(70)യെയാണ് പോലീസുകാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യാത്രയയച്ചത്.
കോവിഡ് 19 കരുതല്‍ നടപടികളുടെ ഭാഗമായി ചടങ്ങും പൊതുയോഗവുമെല്ലാം ഒഴിവാക്കി. എന്നാല്‍ ദീര്‍ഘമായ സേവനത്തിന് രാധയെ അര്‍ഹമായവിധം യാത്രയയക്കണമെന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശമുണ്ടായി. പതിവുപോലെ രാവിലെ ജോലിക്കെത്തിയ രാധ സ്റ്റേഷനും പരിസരവും വൃത്തിയാക്കി. എന്നത്തെയും പോലെ ഉച്ചയോടെ മടങ്ങാനൊരുങ്ങുമ്പോള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ജയകൃഷ്ണന്‍, എസ്.ഐ. ജെ. ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി. തുടര്‍ന്ന് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
സാധാരണ വിരമിക്കുന്നവര്‍ മാസങ്ങള്‍ക്കു മുമ്പേ അവധിയെടുക്കാറുണ്ടെങ്കിലും അവസാന ദിവസം വരെ ജോലിക്കെത്തിയിരുന്നു. 1969-ല്‍ പത്താംതരം വിജയിച്ച ഇവര്‍ 1990- ലാണ് സര്‍വീസില്‍ പ്രവേശിച്ചത്. അന്നത്തെ നിലയ്ക്ക് കൂടുതല്‍ ഉയര്‍ന്ന ജോലിസാധ്യതകളുണ്ടായിരുന്നെങ്കിലും മറ്റൊന്നിനും താത്പര്യമില്ലായിരുന്നുവെന്ന് രാധ പറയുന്നു. മുപ്ലിയം പണ്ടാരത്തില്‍ രാമന്റെ ഭാര്യയാണ്. രണ്ടു മക്കളുണ്ട്. യാത്രയയപ്പിനു ശേഷം സ്റ്റേഷന്‍ വാഹനത്തില്‍ത്തന്നെ രാധയെ പോലീസുകാര്‍ വീട്ടിലാക്കി.