തിരുവനന്തപുരം : സംസ്ഥാനത്ത് അരി വില ഉയരുന്നു. ഇപ്പോഴിതാ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും ചേരുന്നു. പാലക്കാടന്‍ മട്ട ഒഴികെയുള്ള എല്ലാ അരികളുടെയും വില അടുത്ത കാലത്ത് വലിയതോതില്‍ ഉയര്‍ന്നു. കര്‍ണാടകത്തില്‍ നിന്ന് എത്തുന്ന വടിമട്ടക്ക് 15 രൂപ കൂടി. കിലോഗ്രാമിന് 33 ല്‍ നിന്ന് 48 ആയി. ആന്ധ്രപ്രദേശില്‍ നിന്നെത്തുന്ന ജയ, പൊന്നി, തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കുറുവ, പൊന്നി തുടങ്ങിയ അരികളുടെ വില രണ്ടാഴ്ചയില്‍ കിലോവിന് മൂന്നു രൂപ വീതം ഉയര്‍ന്നു.
ദക്ഷിണേന്ത്യയില്‍ ഉണ്ടായ കനത്ത മഴയാണ് പാടങ്ങളില്‍ ഉത്പാദന നഷ്ടത്തിനും അതുവഴി വിലക്കയറ്റത്തിനും കാരണമായത്. ലക്ഷക്കണക്കിന് ഹെക്ടറിലുള്ള നെല്‍കൃഷിയാണ് ദക്ഷിണേന്ത്യയിലെ പാടങ്ങളില്‍ നശിച്ചത്. ഉത്പാദന നഷ്ടത്തിനു പുറമേ ഇന്ധനവില വര്‍ധനയും വിലക്കയറ്റ കാരണമായിട്ടുണ്ടെന്ന് അരി മൊത്തവ്യാപാരികള്‍ പറയുന്നു. ഫെബ്രുവരി ആകുമ്പോഴേക്കും കനത്ത വിലക്കയറ്റവും ക്ഷാമവും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.