റിയാദ്: റിയാദില്‍റസ്റ്റോറന്റിന്റെ മുന്‍ഭാഗം തകര്‍ന്നുവീണ് മലയാളിയും തമിഴ്നാട് സ്വദേശിയും മരിച്ചു. നഗരത്തിന്റെ കിഴക്കുഭാഗമായ റൗദ് ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്ററന്‍റില്‍ ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്. കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേല്‍ അബ്ദുല്‍ അസീസ് കോയക്കുട്ടിയും (60), തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിയുമാണ് മരിച്ചത്.
ഇവര്‍ കടയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ കെട്ടിടത്തിന്റെ മുന്‍ ഭാഗം ഭാഗികമായി നിലംപൊത്തുകയായിരുന്നു. പാരപ്പെറ്റും സണ്‍ഷെയ്ഡും റസ്റ്റോറന്റിന്റെ ബോര്‍ഡും അടക്കം നിലത്തുവീണു. ഇതിനടിയില്‍പെട്ടാണ് ഇരുവരും മരിച്ചത്. സമീപത്തുണ്ടായിരുന്ന ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ശുമൈസി കിങ് സഉൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് എത്തി 11മണിയോടെ മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രഭാത ഭക്ഷണത്തിെന്റ സമയമായതിനാല്‍ നിരവധിയാളുകള്‍ റെസ്റ്ററന്‍റില്‍ ഉണ്ടായിരുന്നു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറാണ് മരിച്ച അബ്ദുല്‍ അസീസ്. അദ്ദേഹം ഭക്ഷണം കഴിക്കാന്‍ പതിവായെത്തുന്നത് ഇവിടെയാണ്. സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ അബ്ദുല്‍ അസീസ് റിയാദിലെ കേളി കലാസാംസ്കാരിക വേദി സെന്‍ട്രല്‍ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. രണ്ട് മക്കള്‍: ആരിഫ്, ആഷിന.