കാക്കനാട് : റോഡിലെ കുണ്ടും കുഴിയും വേറിട്ട പ്രതിക്ഷേധവുമായി ഭരണകക്ഷിയുടെ തൊഴിലാളി സംഘടന. കുണ്ടുംകുഴികളും താണ്ടി വാഹനമോടിച്ച് എത്തിയ യാത്രക്കാര്‍ക്ക് ഹാരമണിയിച്ചും തക്കാളി സമ്മാനമായി നല്‍കിയും പ്രതിഷേധം. തകര്‍ന്നുതരിപ്പണമായ ഇന്‍ഫോപാര്‍ക്ക് റോഡ് പൊതുമരാമത്ത് അധികൃതര്‍ നന്നാക്കാത്തതിലുള്ള പ്രതിഷേധമാണ് എസ്.ടി.യു തൊഴിലാളികളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് യാത്രക്കാരെ ആദരിക്കല്‍ ചടങ്ങാക്കി മാറ്റിയത്.
കുഴിക്കാട്ടുമൂല ജങ്ഷനില്‍ നടത്തിയ പ്രതീകാത്മക പ്രതിഷേധത്തോട് യാത്രക്കാരും സഹകരിച്ചു. വാഹനങ്ങള്‍ നിര്‍ത്തി ഹാരവും തക്കാളിയും ഏറ്റുവാങ്ങിയ യാത്രക്കാരില്‍ ചിലര്‍ വാഹനം ഒതുക്കി പുതിയ സമരമുറക്ക് പിന്തുണയുമായി ഒപ്പം ചേര്‍ന്നു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി പി.എം മാഹിന്‍കുട്ടി, എസ്.ടി.യു ജില്ല കൗണ്‍സില്‍ അംഗങ്ങളായ എ.എം അബ്ദുല്‍ ഖാദര്‍, കെ.എ ഹസൈനാര്‍, അസ്ലം കുന്നപ്പിള്ളി, മേഖല സെക്രട്ടറി ഇ.ബി സലാം, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി സി.കെ റിയാസ്, പി.എസ് അബ്ദുല്‍ഖാദര്‍, കെ.എസ് നിഷാദ്, എം.പി സുരേന്ദ്രന്, കെ.എം സാദിഖ്, ഇ.എ അജ്മല്‍, ഇ.എസ് ബഷീര്‍, എ.എസ് ആഷിഖ്, അന്‍സാര്‍ ചിറ്റേത്തുകര തുടങ്ങിയവര്‍ നേതൃത്വം നല്കി.





























