കൊച്ചി : റോഡ് നിര്‍മാണങ്ങള്‍ക്ക് വ്യാജരേഖ ചമയ്ക്കുകയും സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടം വരുത്തുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാതെ പൊതു മരാമത്ത് വകുപ്പ്. കുറ്റക്കാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ധനകാര്യ പരിശോധനാ വിഭാഗം ആവശ്യപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പിന് അനക്കമില്ല. വിജിലന്‍സ് അന്വേഷണ ശുപാര്‍ശയിലും തുടര്‍ നടപടികളില്ല. റോഡ് നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിനുള്ള ശുപാര്‍ശ മന്ത്രി ജി. സുധാകരന്റെ ഓഫീസില്‍ എത്തിയത് ഒക്ടോബര്‍ 27 നായിരുന്നു. റോഡുപണികളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, മുദ്രപത്രങ്ങളിലെ തീയതി തിരുത്തിയും വ്യാജ രേഖ ചമച്ചും റോഡ് നിര്‍മാണ കരാര്‍ നല്‍കല്‍, റോഡ് നിര്‍മാണം നടത്താതെ നടത്തിയെന്നു കാണിച്ച് പണം തട്ടല്‍ എന്നിങ്ങനെയായിരുന്നു കണ്ടെത്തലുകള്‍.
ധന കാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയ തട്ടിപ്പുകള്‍ ഇവയായിരുന്നു. കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് – നീരാവില്‍ – കുരീപ്പുഴ റോഡുകളുടെ നിര്‍മാണ അഴിമതിയില്‍ സര്‍ക്കാരിനു നഷ്ടം 21.44 ലക്ഷം രൂപ, നീരാവില്‍ റോഡ് ഗുണമേന്മയില്ലാതെയും ചട്ടം പാലിക്കാതെയും ചെയ്തതു വഴി നഷ്ടം 5.85 ലക്ഷം രൂപ. അഞ്ചാലുംമൂട് – കുരീപ്പുഴ റോഡ് നിര്‍മാണം നടത്താതെ നടത്തിയെന്നു കാണിച്ചതുവഴി നഷ്ടം 15.59 ലക്ഷം രൂപ, അഞ്ചാലുംമൂട് – കുരീപ്പുഴ റോഡിന്റെ കരാര്‍ ലഭിക്കാന്‍ മുദ്രപത്രങ്ങളുടെ തീയതി തിരുത്തി ഉദ്യോഗസ്ഥര്‍ വ്യാജ കരാറുണ്ടാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ ക്രിമിനല്‍ കേസെടുക്കണം, നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണം, ഇവര്‍ക്കെതിരെ നടപടി വേണം, വിജിലന്‍സ് അന്വേഷണം വേണം എന്നിങ്ങനെയായിരുന്നു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാര്‍ശ. എന്നാല്‍ നടപടി മാത്രമെടുത്തില്ല.