വടകര: വടകര വില്യാപ്പള്ളിയില്‍ ക്ഷേത്രത്തിലും താമസമില്ലാത്ത വീട്ടിലും കവര്‍ച്ച. ക്ഷേത്രത്തിലെ നാല് ഭണ്ഡാരം തകര്‍ത്തു. പരിസരത്തെ വീട്ടില്‍ നിന്ന് പതിമൂന്ന് പവനോളം സ്വര്‍ണം കവര്‍ന്നിട്ടുണ്ട്. വില്യാപ്പള്ളിയിലെ തിരുമന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലാണ് രാത്രിയില്‍ കവര്‍ച്ച നടന്നത്. നാല് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നു. 200 മീറ്റര്‍ അകലെയുള്ള ഡോക്ടര്‍ സനീഷ് രാജ് താമസിച്ച വീട്ടിലാണ് കള്ളന്‍ കയറിയത്.
മോഷ്ടാവ് ക്ഷേത്രപരിസരത്ത് കടക്കുന്നത് സി.സി. ടി.വി ദൃശ്യങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. രാത്രി 12 – 5 നും 12- 20 നും ഇടയിലാണ് ക്ഷേത്രത്തില്‍ കയറിയത്. ശ്രീകോവിലിനുള്ളില്‍ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകര്‍ത്തെങ്കിലും അകത്ത് കടന്നില്ല. നാല് ഭണ്ഡാരവും ഓഫീസ് പൂട്ട് തകര്‍ക്കാനും പതിനഞ്ച് മിനുട്ടാണെടുത്തത്. ഇവിടെ നിന്നും എടുത്ത പണം ഡോക്ടര്‍ താമസിച്ച വീട്ടില്‍ വെച്ചാണ് എണ്ണിയതെന്ന് കരുതുന്നു. ഇവിടെ നാണയങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കാണുന്നുണ്ട്. കാരാളി ഗോപിനാഥിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. ഡോക്ടര്‍ സനീഷ് രാജ് നാട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.