ഡൽഹി : പാകിസ്ഥാൻ ഇന്ത്യക്കെതിരെ റോഹിൻഗ്യൻ മുസ്ലീങ്ങളെ ആയുധമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഭീകര പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യയിലേക്ക് ഇവർക്ക് പ്രത്യേക പരിശീലനം നൽകി പാകിസ്താൻ ഐ.എസ്.ഐ 40 ഓളം റോഹിംഗ്യൻ മുസ്‌ലിംകളെ ഇന്ത്യയിലേക്ക് അയക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. തീവ്രവാദ സംഘടനയായ ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശിന്റെ (ജെ.എം.ബി) സഹായത്തോടെയാണ് ഇവർക്ക് പരിശീലനം നൽകുന്നത്. രഹസ്യാന്വേഷണ ഏജൻസികൾ ഇന്ത്യൻ സായുധ, അതിർത്തി കാവൽ സേനയ്ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകി. ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ വലിയ ഗൂഡാലോചനയാണ് നടത്തുന്നത്.
ബംഗ്ലാദേശ് തീവ്രവാദ സംഘടനയായ ജമാഅത്ത് ഉൽ മുജാഹിദ്ദീന് പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിൽ നിന്ന് ഫണ്ട് ലഭിക്കുന്നതായാണ് വിവരം. ബംഗ്ലാദേശിലെ കോക്സ് ബസാറിൽ താമസിക്കുന്ന 40 റോഹിംഗ്യകൾക്ക് ഐഎസ്‌ഐ തീവ്രവാദ പരിശീലനം നൽകുന്നു. സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും പാകിസ്ഥാൻ തീവ്രവാദ പരിശീലനത്തിന് ധനസഹായം നൽകിയതായും വെളിപ്പെടുത്തലുണ്ട്. രഹസ്യാന്വേഷണ ഏജൻസികൾ കൂടുതൽ വിവരങ്ങൾക്കായി ദേശീയ അന്വേഷണ ഏജൻസിയുമായി ഈ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.