പാലക്കാട് : കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾക്കും പങ്കെന്ന് സിപിഎം. പെൺകുട്ടിയുടെ മൊഴിയിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. അറസ്റ്റിലായ യുവാക്കളുടെ ലഹരി കടത്ത് ബന്ധത്തിൽ നേരത്തെ പോലീസ്
ഒത്തുകളിയുണ്ടായെന്ന ആരോപണം പരിശോധിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
കേസിൽ പോലീസ് അന്വേഷണം അട്ടിമറിച്ചുവെന്നാണ് രാഷ്ട്രീയ നേതൃത്വം ആദ്യഘട്ടത്തിൽ ആരോപിച്ചത്. വ്യത്യസ്ത മുന്നണികളിലെ നേതാക്കൾ പ്രതികളെ സഹായിച്ചെന്ന മൊഴി പോലീസ് അവഗണിച്ചുവെന്ന പരാതി പിന്നാലെ ഉയർന്നിരുന്നു. കോൺഗ്രസും സിപിഎമ്മും ബിജെപിയും പ്രത്യക്ഷ സമരത്തിനും തുടക്കമിട്ടു. ഇതിന്റെ തുടർച്ചയായാണ് പട്ടാമ്പിയിലെ ജനപ്രതിനിധിയുടെ മകന് ലഹരി കടത്തുകാരുമായി ബന്ധമുണ്ടെന്ന് സിപിഎം ആരോപിക്കുന്നത്. പെൺകുട്ടിയുടെ മൊഴി കണക്കിലെടുത്ത് യുവാവിനെ പ്രതി ചേർക്കണമെന്നാണ് ആവശ്യം.
ലഹരിമാഫിയ സംഘങ്ങളെ ഇല്ലായ്മ ചെയ്യാൻ ജില്ലാ പോലീസ് മേധാവിയോട് പ്രത്യേക പരിശോധനയ്ക്ക് ആവശ്യപ്പെട്ടതായി പട്ടാമ്പി എംഎൽഎ പറഞ്ഞു. കേസിൽ ലഹരി കടത്ത് പതിവാക്കിയവർ ഉൾപ്പെടെ മൂന്നുപേരെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് യുവാക്കൾ ഒളിവിലാണ്. ഇതിനു പിന്നാലെയാണ് പോലീസിന്റെ മുൻ അന്വേഷണത്തിൽ പിഴവുണ്ടെന്നും വ്യത്യസ്ത മുന്നണികളുമായി ബന്ധമുള്ള യുവാക്കൾക്കും കേസിൽ പങ്കുണ്ടെന്ന പരാതിയും ഉയർന്നിരിക്കുന്നത്.