തിരുവനന്തപുരം: എം ശിവശങ്കറിനും ബിനീഷ് കോടിയേരിക്കും പിന്നാലെ കൂടുതല്‍ ഉന്നതര്‍ കുടുങ്ങുമെന്ന് സൂചന. മന്ത്രി കെ ടി ജലീലിനെ ഇഡിക്കും എന്‍ഐഎക്കും പിന്നാലെ കസ്റ്റംസും ഉടന്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്. ജലീലിനെതിരെ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചുവെന്നാണ് സൂചന.യുഎഇ കോണ്‍സുലേറ്റില്‍നിന്നു ലഭിച്ച മതഗ്രന്ഥങ്ങളുടെ വിതരണം, റമസാന്‍ ഭക്ഷ്യക്കിറ്റ് വിതരണം എന്നിവ സംബന്ധിച്ചാണ് കസ്റ്റംസിന്റെ ചോദ്യംചെയ്യല്‍.
കോണ്‍സല്‍ ജനറല്‍ ഇങ്ങോട്ട് അറിയിച്ചതനുസരിച്ചാണ് ഭക്ഷ്യക്കിറ്റിനായി സ്വപ്ന സുരേഷിനെ ബന്ധപ്പെട്ടതെന്നായിരുന്നു മുന്‍പു ജലീലിന്റെ വിശദീകരണം. എന്നാല്‍, 1000 ഭക്ഷ്യക്കിറ്റ് മന്ത്രി തന്നെ വിളിച്ച് ആവശ്യപ്പെട്ടുവെന്നായിരുന്നു സ്വപ്നയുടെ മൊഴി. ജലീലിന്റെ മൊഴിക്ക് വിരുദ്ധമായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. ഇതാണ് ജലീലിന് വിനയാകുന്നത്.
ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. അടുത്ത ചോദ്യം ചെയ്യലിന് ശേഷം ജലീലിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുന്നത് ജലീലിന്റെ പരിഗണനയിലുണ്ട്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയ ശേഷം അറസ്റ്റ് ചെയ്താല്‍ അതില്‍ രാഷ്ട്രീയ പകപോക്കല്‍ ആരോപിക്കാനാകില്ല. അതുകൊണ്ട് തന്നെ കരുതലോടെ മുമ്ബോട്ട് പോകാനാണ് ജലീലിന്റെ നീക്കം.
ജലീല്‍ ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ 2 കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ വിശദമായി അന്വേഷിച്ചിരുന്നു. ദുബായില്‍ ജോലി ചെയ്യുന്ന മലയാളിയെ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ യുഎഇ കോണ്‍സല്‍ ജനറലിന്റെ സഹായം തേടിയെന്നതാണ് ഒരു കാര്യം. അലാവുദീന്‍ എന്നയാള്‍ക്കു കോണ്‍സുലേറ്റില്‍ ജോലി ലഭിക്കാന്‍ ജലീല്‍ ഇടപെട്ടു എന്നതാണ് അന്വേഷണത്തിലുള്ള രണ്ടാമത്തെ കാര്യം. ദുബായില്‍ ജലീലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന്റെ പേരിലാണത്രെ യുവാവിനെ നാടുകടത്തിപ്പിക്കാന്‍ ശ്രമിച്ചത്.
കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ ഇന്ത്യക്കാരനെ നാടുകടത്തിപ്പിക്കാന്‍ ശ്രമിച്ചത് ഗൗരവത്തോടെയാണ് കാണുന്നത്. കോടതി ഉത്തരവും കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അറിവും ഇല്ലാതെ ഇത്തരമൊരു ഇടപെടല്‍ മന്ത്രി നടത്തിയിട്ടുണ്ടെങ്കില്‍ കുറ്റകരമാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. കോണ്‍സുലേറ്റില്‍ പരിചയക്കാരന് ജോലി തരപ്പെടുത്താനായി മന്ത്രി കെ.ടി ജലീല്‍ ശുപാര്‍ശയുമായി തന്നെ വിളിച്ചിരുന്നതായി സ്വപ്ന സുരേഷിന്റ വെളിപ്പെടുത്തിയിരുന്നു.