ചെന്നൈ: നീറ്റ് വിരുദ്ധ ബില്ലില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ പരിഹസിച്ച് യുവജനക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍. സംസ്ഥാനത്ത് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജ്വേറ്റ്) നിരോധിക്കുന്ന ബിൽ പാസാക്കാൻ ഗവർണർ ആർഎൻ രവി വിസമ്മതിച്ചതിതിനെ തുടർന്നാണ് വിമർശനം. ഗവര്‍ണറെ ‘ആർഎസ്എസ് രവി’ എന്നു വിളിച്ചായിരുന്നു ഉദയനിധിയുടെ പരിഹാസം. നീറ്റ് ബില്ലിനെതിരെ ഡിഎംകെ വിദ്യാർഥികളും മെഡിക്കൽ വിഭാഗങ്ങളും സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത നിരാഹാര സമരത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. ബില്ലിന് അനുമതി നൽകുന്ന അവസാന വ്യക്തി താനായിരിക്കുമെന്ന ഗവർണറുടെ പരാമർശത്തിനെതിരെയാണ് ഉദയനിധിയുടെ പ്രതികരണം.
ഗവർണറെ അഹങ്കാരിയെന്ന് വിളിച്ച് ഉദയനിധി പറഞ്ഞു. “അദ്ദേഹം ആർഎൻ രവിയല്ല, ആർഎസ്എസ് രവിയാണ്, ഞാൻ ഗവർണറോട് ചോദിക്കട്ടെ, നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്ത് അധികാരമുണ്ട്? നിങ്ങൾ ഒരു പോസ്റ്റ്മാൻ മാത്രമാണ്.” “നിങ്ങളുടെ പദവിയിൽ നിന്ന് രാജിവെക്കുക. ഏതെങ്കിലും നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുക, ജനങ്ങളെ നേരിൽ കണ്ട് നിങ്ങളുടെ ആശയങ്ങൾ പറയുക, അവർ നിങ്ങൾക്ക് നേരെ ചെരിപ്പെറിയും. നിങ്ങൾ വിജയിച്ചാൽ, ഞാൻ നിങ്ങളുടെ വാക്കുകൾ കേൾക്കും, നീറ്റിനെ പിന്തുണയ്ക്കും.”- ഉദയനിധി സ്റ്റാലിൻ പറഞ്ഞു.